പത്തനംതിട്ട – യുവാവിനെ ചുടുകട്ട കൊണ്ട് എറിഞ്ഞു പരുക്കേൽപ്പിച്ച കേസിൽ പ്രതിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ച് കോടതി. ആനപ്പാറ മൂലയ്ക്കൽ പുരയിടം വീട്ടിൽ മുഹമ്മദലി മകൻ ഷാജഹാൻ (40) നെയാണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഷാജഹാന്റെ കഞ്ചാവ് കച്ചവടം സംബന്ധിച്ച് പറഞ്ഞുവെന്ന് ആരോപിച്ചാണ് ഞുണ്ണുങ്കൽ പടി പുത്തൻ വീട്ടിൽ സുനിൽകുമാറിനെ ചുടുകട്ട കൊണ്ട് എറിഞ്ഞു പരുക്കേൽപ്പിച്ചത്.
2018 ഏപ്രിൽ എട്ടിനാണ് സംഭവം. സുനിൽകുമാറും സുഹൃത്തും ഞുണ്ണുങ്കൽ പടിയിൽ വച്ച് പ്രതിയോട് കഞ്ചാവു കച്ചവടത്തെ കുറിച്ച് സംസാരിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. അസഭ്യം വിളിച്ചതിന് മൂന്നുമാസവും ചുടുകട്ട കൊണ്ട് പരുക്കേൽപ്പിച്ചതിന് ഒമ്പതു മാസവും ഭീഷണിപ്പെടുത്തിയതിന് ആറുമാസം തടവും അടിച്ചു പരുക്കേല്പിച്ചതിന് ആറുമാസം തടവും പിഴയുമാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കാർത്തിക പ്രസാദ് വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.ആർ. രാജ്‌മോഹൻ ഹാജരായി.
പ്രോസിക്യൂഷൻ സഹായിയായി സിപിഒ എൻ.എസ്. നിസാം പ്രവർത്തിച്ചു. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ ഷാജഹാൻ നടപടികൾക്ക് വിധേയനായി കരുതൽ തടങ്കലിൽ കഴിയുകയാണ്. ഇയാളുടെ വസ്തു വകകൾ കണ്ടുകെട്ടുന്നതിനും ഉത്തരവായിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവരുന്ന ഷാജഹൻ, പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെക്ഷ്യൽ സ്‌ക്വാഡ് മുപ്പത് കിലോയിലധികം കഞ്ചാവുമായി പിടികൂടിയതുൾപ്പടെ ഏഴോളം മയക്കുമരുന്ന് കേസിലും അഞ്ച് ക്രിമിനൽക്കേസിലും പ്രതിയാണ്.


