തിരുവല്ല: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ വെളിയനാട് കുന്നങ്കരി വാഴയിൽ ചിറയിൽ വീട്ടിൽ ജയലക്ഷ്മി (23) ആണ് അറസ്റ്റിലായത്. തിരുവല്ലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ കാവുംഭാഗത്ത് പ്രവർത്തിക്കുന്ന എസ്.എം.എൽ ഫൈനാൻസിൽ ഏപ്രിൽ 19നാണ് തട്ടിപ്പ് നടത്തിയത്. 23 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല എന്ന വ്യാജേന പണയം വച്ച് 1,07,000 രൂപ വാങ്ങിയശേഷം മുങ്ങുകയായിരുന്നു. കടയുടമ നടത്തിയ പരിശോധനയിൽ മാല സ്വർമല്ലെന്ന് ബോധ്യപ്പെട്ടതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.


