തിരുവനന്തപുരത്ത് നിന്ന് നടപടി നേരിട്ട് തിരുവല്ലയിൽ വന്നിട്ടും കയ്യിലിരിപ്പ് മഹാമോശം : എഎസ്‌ഐയെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി ജില്ലാ പോലീസ് മേധാവി

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ തിരുവനന്തപുരം സ്വദേശി ബിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പോലീസ് സേനയുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകി, കാപ്പ കേസ് പ്രതിയെ വഴി വിട്ടു സഹായിച്ചു, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് പി. ചന്ദ്രൻ സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പ് മാധ്യമങ്ങൾക്ക് നൽകി എന്നിങ്ങനെയുള്ള ആരോപണത്തെ തുടർന്നാണ് നടപടി.

തിരുവനന്തപുരം റൂറലിൽ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ടു വർഷം മുൻപാണ് ബിനുവിനെ തിരുവല്ലയിലേക്ക് മാറ്റിയത്. ഇവിടെ ഇയാൾ വ്യക്തിബന്ധങ്ങൾ ഏറെയുണ്ടാക്കിയെന്നാണ് വിവരം. സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്പി ആർ. ആനന്ദാണ് ബിനുവിനെ എ.ആർ. ക്യാമ്പിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കാപ്പ കേസ് പ്രതിയ്ക്ക് വേണ്ടി പോലീസിൽ നിന്നുളള രേഖകൾ ചോർത്തി നൽകിയെന്നതാണ് ഏറ്റവും ഒടുവിലായി വന്നിരിക്കുന്ന വീഴ്ച. പായിപ്പാട് സ്വദേശിയുമായി ഇയാൾ അടുത്ത ബന്ധം പുലർത്തുകയും ഇയാൾ മുഖേനെ പോലീസിനെ നിർണായക രേഖകൾ ചോർത്തുകയും ചെയ്തുവെന്നും പറയുന്നു. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ നിഷാന്ത് പി. ചന്ദ്രൻ സഹപ്രവർത്തകനായ പുഷ്പദാസ് എന്ന സീനിയൻ സിവിൽ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് ബിനുവാണ് പുറത്തു വിട്ടതെന്ന് സംശയിക്കുന്നുണ്ട്. ഇയാളുടെ അടുപ്പക്കാരനായ പായിപ്പാട് സ്വദേശി മുഖേനെയാണ് മാധ്യമങ്ങളുടെ കൈവശം ക്ലിപ്പ് എത്തിയത്. ഇതേ തുടർന്ന് നിഷാന്ത് പി. ചന്ദ്രനെ ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തിരുന്നു. വോയ്‌സ് ക്ലിപ്പ് ചോർന്നത് സേനയിൽ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സേനയുടെ സൽപ്പേരിന് കളങ്കമായ സംഭവമാണ്. ഇതെങ്ങനെ ചോർന്നുവെന്നാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *