ദേശീയതലത്തിൽ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം ; 98.64 ശതമാനം സ്‌കോറോടെ എൻ.ക്യു.എ.എസ്

Pathanamthitta
Print Friendly, PDF & Email

കുളനട – ദേശീയ ഗുണനിലവാര മാനദണ്ഡങ്ങളിൽ ഉയർന്ന സ്‌കോറോടെ പത്തനംതിട്ട കുളനട കുടുംബാരോഗ്യ കേന്ദ്രം. 98.64 ശതമാനം സ്‌കോറോടെയാണ് കുളനട കുടുംബാരോഗ്യ കേന്ദ്രം നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം നേടിയത്. എൻക്യുഎഎസ് മാനദണ്ഡപ്രകാരം എല്ലാ ചെക്ക് ലിസ്റ്റുകളിലും മികച്ച മുന്നേറ്റം നടത്താൻ കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന് സാധിച്ചു.

ഈ സർക്കാരിന്റെ കാലത്ത് കുളനട കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് എൻക്യു എഎസ് സർട്ടിഫിക്കേഷൻ. 69 ലക്ഷം രൂപ ചെലവഴിച്ചാണ് കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമിച്ചത്. വീണാ ജോർജ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപയും സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 2600 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിൽ വെയ്റ്റിംഗ് ഏരിയ, ഒപി റൂം, രജിസ്‌ട്രേഷൻ കൗണ്ടർ, പ്രീ ചെക്ക് റൂം, ഡ്രസിങ് റൂം, നിരീക്ഷണ മുറി, ഫാർമസി, ഫാർമസി സ്റ്റോർ, നഴ്‌സിംഗ് സ്റ്റേഷൻ, ഇൻജക്ഷൻ റൂം, സെർവർ റും, ടോയ്‌ലറ്റ് എന്നിവയുണ്ട്.

രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെയാണ് ഒപി. ജീവിതശൈലീരോഗ നിർണയ ക്ലിനിക്, ശ്വാസ്, ആശ്വാസ് ക്ലിനിക്, വയോജന ക്ലിനിക്, പാലിയേറ്റീവ് കെയർ ഒപി, ഗർഭിണികൾക്കുള്ള ക്ലിനിക്, പ്രതിരോധ കുത്തിവയ്പ്, എല്ലാ ദിവസവും ലാബിന്റെ സേവനം, മാസത്തിൽ രണ്ട്, നാല് ചൊവാഴ്ചകളിൽ കണ്ണിന്റെ ഒപി എന്നീ സേവനങ്ങൾ ലഭിക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കുളനട കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചത്.

2023- 24 സാമ്പത്തിക വർഷത്തിൽ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് മുഖേനെ കുളനട മെയിൻ സെന്റർ പുതിയ കെട്ടിടം നിർമിക്കുന്നതിന് 55 ലക്ഷം രൂപ കൂടി അനുവദിച്ചു. 2024- 25 വർഷത്തെ വർഷത്തെ ജില്ലാതല കായകൽപ്പ് പുരസ്‌കാരവും കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു.

സംസ്ഥാനത്തെ ആകെ 278 ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ ഒമ്പത് ജില്ലാ ആശുപത്രികൾ, എട്ട് താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 170 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 30 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *