പുല്ലാട്ടെ രമാദേവി കൊലക്കേസ്: 17 വർഷത്തിനുശേഷം ജനാർദ്ദനൻ നായർ അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – പുല്ലാട് വടക്കേ കവല വടക്കേ ചട്ടുകുളത്ത് വീട്ടിൽ രമാദേവി (50) കൊല്ലപ്പെട്ട കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് റിട്ട. പോസ്റ്റ് മാസ്റ്ററായ സി.ആർ. ജനാർദ്ദനൻ നായരെ (75) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2006 മേയ് 26ന് വൈകിട്ട് ഏഴിനാണ് രമാദേവിയെ വീടിനുള്ളിൽ കഴുത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാർദ്ദനൻ നായർ തന്നെയാണ് സംഭവം പുറത്തറിയിച്ചത്. വീടിനോട് ചേർന്ന് കെട്ടിട നിർമ്മാണം നടത്തിവന്നിരുന്ന തൊഴിലാളികളെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവിടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ചുടല മുത്തുവിനെയും സ്ത്രീയെയും കൊലനടന്നതിന്റെ പിറ്റേന്ന് മുതൽ കാണാനില്ലായിരുന്നു. ഇതോടെ അന്വേഷണം ഇവർക്ക് നേരെ തിരിഞ്ഞു. പക്ഷേ ഇവരെ കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണം നീണ്ടുപോയതോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചതിനെ തുടന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇതിനിടെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ജനാർദ്ദനൻ നായർ കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്നായിരുന്നു കോടതി നിർദ്ദേശിച്ചത്.

ചുടല മുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ ക്രൈംബ്രാഞ്ച് തെങ്കാശിയിൽ നിന്ന് കണ്ടെത്തിയെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് തെളിഞ്ഞു. ജനാർദ്ദനൻ നായരും ഭാര്യയും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് ഇവർ പറഞ്ഞു. തുടർന്നാണ് അന്വേഷണം ജനാർദ്ദനൻ നായരിലേക്ക് തിരിഞ്ഞത്.

കൊല്ലപ്പെട്ട രമാദേവി കൈകളിൽ ചുരുട്ടിപ്പിടിച്ചിരുന്ന 40 മുടിയിഴകൾ പൊലീസ് തെളിവായി ശേഖരിച്ചിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്രിൽ നിന്ന് 2019ൽ പത്തനംതിട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷണം ഏറ്റെടുത്തശേഷമാണ് ഇത് പരിശോധനയ്ക്ക് അയച്ചത്. ജനാർദ്ദനൻ ഉപയോഗിക്കുന്ന ഡൈയുടെ നിറം മുടിയിൽ കണ്ടെത്തിയതോടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്.

പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ആർ.പ്രതീകിന്റെ മേൽനോട്ടത്തിൽ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ സുനിൽരാജ്, സബ് ഇൻസ്പെക്ടർ വിൽസൺ ജോയ്, എ.എസ്.ഐ. ഷാനവാസ്, ഷിബു,നൗഷാദ്, അനുരാഗ് മുരളീധരൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *