കൊച്ചി: ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് അതിനിർണ്ണായക നിരീക്ഷണങ്ങളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് നടത്തുന്നത്. ഇതിനൊപ്പം മംഗളം റിപ്പോർട്ടർ ജി വിശാഖന്റെ ഫോൺ തിരിച്ചു കൊടുക്കാൻ പറഞ്ഞ ഹൈക്കോടതിയും പൊലീസിനെ കടന്നാക്രമിച്ചു. ഷാജൻ സ്‌കറിയയുടെ സുഹൃത്ത് എന്ന നിലയിലായിരുന്നു വിശഖാനെതിരായ പൊലീസ് പീഡനം. ഇതിനേക്കാൾ വലിയ ആശ്വാസം എറണാകുളത്തെ ജില്ലാ കോടതിയിൽ നിന്നാണ്. സുദർശ് നമ്പൂതിരിക്കും ജാമ്യം കിട്ടി. മറുനാടനിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയ ഈ മാധ്യമ പ്രവർത്തകനും ജയിൽ മോചിതനാകുകയാണ്. അങ്ങനെ നീതി ദേവത തിങ്കളാഴ്ച എല്ലാ അർത്ഥത്തിലും മറുനാടന് കടാക്ഷം നൽകി. പത്മരാജൻ സിനിമയുടെ പേരു പോലെ മറുനാടന് ഈ തിങ്കളാഴ്ച നല്ല ദിവസമാകുന്നു.
മാതൃഭൂമി ന്യൂസ് വാർത്ത ഇങ്ങനെ
കേരള ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ മാധ്യമസ്ഥാപനം റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും അടക്കം പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളും പരിശോധന നടത്തിയിരുന്നു. ഷാജനെതിരായ കേസിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ കെയുഡബ്യൂജെ അടക്കം രംഗത്തെത്തിയിരുന്നു.
എന്നാൽ ഒളിവിൽ കഴിയുന്ന ഷാജൻ സ്‌കറിയയെ കണ്ടെത്താനെന്ന പേരിൽപത്തനംതിട്ടയിലെ മാധ്യമപ്രവർത്തകനായ വിശാഖന്റെ വീട് റെയ്ഡ് ചെയ്ത് മൊബൈൽ ഫോൺ അടക്കം പൊലീസ് പിടിച്ചെടുത്ത നടപടിയെ ഹൈക്കോടതി ഇന്ന് വിമർശിച്ചിരുന്നു. നിയമവിരുദ്ധമായ നടപടി ചോദ്യം ചെയ്ത് വിശാഖൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ ഇടപെട്ടത്. പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. പിടിച്ചെടുത്തത് മാധ്യമപ്രവർത്തകന്റെ ഫോണാണെന്നും ക്രിമനൽ കേസ് പ്രതിയുടേതല്ലെന്നും പറഞ്ഞ കോടതി, മാധ്യമപ്രവർത്തകന്റെ അടിസ്ഥാനപരമായ അവകാശമാണ് ലംഘിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി.
പൊലീസിന് ആർക്കെതിരെയും അന്വേഷണം നടത്താമെന്നും പ്രതിയല്ലാത്ത ആളെ എങ്ങനെ കസ്റ്റഡിയിൽ എടുക്കുമെന്നും കോടതി ചോദിച്ചു. നടപടികൾ പാലിക്കാതെ യാതൊരു കാരണവശാലും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. ഇത്തരത്തിൽ എല്ലാ മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പിടിച്ചെടുക്കുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.


