പത്തനംതിട്ട – ഹരിത കർമ സേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്നും, 50 രൂപ നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി അടച്ചിട്ടവ ഉൾപ്പെടെ 500ഓളം വീട്ടുടമസ്ഥർക്കെതിരെ കേസെടുക്കുമെന്ന് നോട്ടീസ് അയച്ച് നാരങ്ങാനം പഞ്ചായത്ത് സെക്രട്ടറി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സെക്രട്ടറി ശ്രീകാന്തിന്റെ നടപടിയിൽ നാരങ്ങാനം പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതൃത്വം ശക്തമായ പ്രതിഷേധത്തിലാണ്. സെക്രട്ടറിയെ ഉടനടി സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട എൽ.ഡി.എഫ് പ്രവർത്തകർ ചില വീടുകളിലെത്തി നോട്ടീസുകൾ തിരികെ വാങ്ങിച്ചു. പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കാതെയാണ് സെക്രട്ടറിയുടെ നടപടികളെന്ന് പഞ്ചായത്തംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണ് നാരങ്ങാനം പഞ്ചായത്തിലെ 14 വാർഡുകളിലെയും 500 ഓളം വീട്ടുടമകൾക്ക് പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട നോട്ടീസ് ലഭിച്ചത്. ഇതിൽ വർഷങ്ങളായി അടച്ചിട്ട നിരവധി വീടുകളുമുണ്ട്. ഹരിത കർമ സേനക്ക് പ്ലാസ്റ്റിക്കും യൂസർ ഫീ ആയ 50 രൂപയും നൽകാത്ത സാഹചര്യത്തിൽ കേസെടുത്ത് 50,000 രൂപ വരെ പിഴ ചുമത്ത?ുമെന്നും ഒരു വർഷം വരെ തടവ് ലഭിക്കുമെന്നും നോട്ടീസിൽ പറയുന്നു. പുറമെ, യൂസർ ഫീ നൽകാത്തതിന് 50 ശതമാനം പിഴയോടെ പൊതു നികുതി കുടിശ്ശികയായി കണക്കാക്കി നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. അഞ്ച് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത് സൂചിപ്പിട്ടുണ്ട്.
വീടുകളിൽ നോട്ടീസ് കണ്ട ബന്ധുക്കൾ വിവരം അറിയിച്ചതോടെ പ്രവാസികൾ ഉൾപ്പെടെ വിദേശത്തുള്ളവർ ആശങ്കയിലാണ്. തങ്ങളുടെ വാർഡ് അംഗങ്ങളെ ബന്ധപ്പെട്ട് വീട്ടുകാർ പരാതി അറിയിച്ചു വരുന്നു. വീടുകൾ അടച്ചിട്ട താമസമില്ലാത്ത സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യം എവിടെ നിന്നു ഹരിത കർമ സേനക്ക് നൽകാനാണെന്നും മാലിന്യം ഇല്ലാത്ത സാഹചര്യത്തിൽ യൂസർ ഫീ എന്തിന് നൽകണമെന്നും ചോദിക്കുന്നു. ഹരിത കർമസേന പോലുള്ള സംവിധാനങ്ങളെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് അമേരിക്കയിലെ കാലിഫോർണിയയിൽ താമസിക്കുന്ന നാരങ്ങാനം സ്വദേശിയായ രാധാകൃഷ്ണൻ നായർ പറഞ്ഞു. വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന വീട്ടിൽ നോട്ടീസ് പതിച്ച കാര്യം ബന്ധുക്കളാണ് തങ്ങളെ അറിയിച്ചതെന്നും രാധാകൃഷ്ണൻ പറയുന്നു. മരണപ്പെട്ടവരുടെ പേരിലും ചില വീടുകളിൽ നോട്ടീസ് എത്തിയിട്ടുണ്ട്.
സർവ നികുതികളും നൽകി വാങ്ങുന്ന സാധനങ്ങൾ പൊതിഞ്ഞ പ്ലാസ്റ്റിക് സർക്കാർ സൗജന്യമായി തിരികെ എടുക്കണമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഭീഷണി ഒഴിവാക്കാൻ നിത്യോപയോഗ സാധനങ്ങൾ ശാസ്ത്രീയമായി കൈമാറണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സാധനങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു ലഭ്യമാക്കുകയും അതേ പ്ലാസ്റ്റിക്കിന്റെ പേരിൽ സംസ്ഥാന സർക്കാർ ജനങ്ങളെ കേസിൽ കുരുക്കുകയും ചെയ്യുന്നതിന്റെ തെളിവാണ് പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത് ഏക പക്ഷീയമായി നോട്ടീസ് അയച്ചതല്ലെന്നും പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിലെ ചേരിപ്പോരാണെ് പിന്നിലെന്നും സൂചനയുണ്ട്. പഞ്ചായത്തിൽ തുടർ ഭരണം പ്രതീക്ഷിക്കുന്ന സി.പി.എം ശക്തമായ ആത്മ വിശ്വാസത്തിലായിരുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് വ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചതോടെ സി.പി.എം ഭരണസമിതിക്കെതിരെ ശക്തമായ വികാരമാണ് നാരങ്ങാനത്ത് രൂപപ്പെട്ടിരിക്കുന്നത്. തങ്ങൾക്ക് ശേഷം പ്രളയമെന്ന സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ കളികളാണ് നോട്ടീസിന് പിന്നലെന്ന് പാർട്ടിയിലെ മറുവിഭാഗം ആരോപണം ഉന്നയിക്കുന്നു. നാരങ്ങാനം സർവീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധെപട്ട് സി.പി.എമ്മിൽ ശക്തമായ വിഭാഗീയയത നിലനിൽക്കുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സമയം തന്നെ ജനങ്ങൾക്ക് നോട്ടീസ് അയക്കാൻ കോൺഗ്രസ്- ബി.ജെ.പി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിച്ചതായി സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗവും ആരോപിക്കുന്നു.
പ്ലാസ്റ്റിക് നൽകിയില്ലെങ്കിലും എല്ലാ വീടുകൾക്കും ഹരിത കർമ സേന യൂസർ ഫീ നിർബന്ധമാക്കി ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നോട്ടീസ് അയച്ചതെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങൾ നിസാഹായരാണെന്നു കൈകഴുകുകയാണ് ഉദ്യോഗസ്ഥരും. നോട്ടീസ് പ്രകാരം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അധികൃതർ നൽകുന്ന മറുപടി. ജനങ്ങൾ പ്രതിസന്ധിയിലായ വിഷയത്തിൽ പ്രതിഷേധം രൂപപ്പെടുത്തുന്നതിൽ പ്രതിപക്ഷ പാർട്ടികളും നയം വ്യക്തമാക്കിയിട്ടില്ല.
———-


