പത്തനംതിട്ട – വന്യമൃഗ ശല്യം തടയുന്നതിനായി ചിറ്റാർ ആമക്കുന്ന് വനാതിർത്തിയിൽ വനംവകുപ്പും തദ്ദേശവാസികൾ കൃഷിയിടങ്ങളിലും സ്ഥാപിച്ചിരുന്ന സൗരോർജ വൈദ്യുതി വേലിയുടെ ബാറ്ററിയും മറ്റു സാധനങ്ങളും മോഷ്ടിച്ച് വിൽപന നടത്തിയ രണ്ടംഗ സംഘം അറസ്റ്റിൽ. നീലിപിലാവ് പള്ളിക്കൂടത്തിങ്കൽ വീട്ടിൽ ജലാൽ എന്ന് വിളിക്കുന്ന അബ്ദുൾ ലത്തീഫ് (50), പ്ലാംകൂട്ടത്തിൽ വീട്ടിൽ സജീവ് (34)എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടിച്ച ബാറ്ററികൾ ആക്രിക്കടയിലും ബാറ്ററികടയിലുമായി വിൽപ്പന നടത്തുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിൽ ആക്രിക്കട, ബാറ്ററിക്കട എന്നിവിടങ്ങളിൽ നിന്നുമായി രണ്ടു ബാറ്ററികൾ പോലീസ് വീണ്ടെടുത്തു.
വനംവകുപ്പ് സ്ഥാപിച്ചിരുന്ന സൗരോർജവേലിയുടെ 15000 രൂപയോളം വില വരുന്ന ബാറ്ററി, ചിറ്റാർ സ്വദേശികളായ ദീപ്തി ഭവനിൽ ബാലകൃഷ്ണ പിള്ളയുടെ റബർതോട്ടത്തിന് ചുറ്റുമുള്ള സൗരോർജ വേലിയുടെ 6000 രൂപയോളം വില വരുന്ന ബാറ്ററി, പുളിമൂട്ടിൽ വീട്ടിൽ സോമരാജന്റെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന 7500 രൂപ വില വരുന്ന ബാറ്ററി എന്നിവയാണ് പ്രതികൾ മോഷ്ടിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിറ്റാർ പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആക്രി കടകളും ബാറ്ററി കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാൻ ആയത്. അന്വേഷണ സംഘത്തിൽ എ എസ് ഐ അനിൽകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ,സുമേഷ്,സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, പ്രണവ്, സജിൻ എന്നിവർ പങ്കാളികളായി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ചിറ്റാർ പോലീസ് അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

