ക്ഷീര കർഷകരുടെ ക്ഷേമത്തിനായി വകുപ്പുകളുടെ ഏകോപനം വേണം: പത്രപ്രവർത്തക യൂണിയന്റെ ക്ഷീര കർഷക വികസന സംഗമം

Kerala Pathanamthitta
Print Friendly, PDF & Email

പുല്ലാട്: സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് വിവിധ സർക്കാർ വകുപ്പുകൾ, ക്ഷേമ ബോർഡുകൾ, മിൽമ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഏകോപിപ്പിക്കാനും ഇവ ഒറ്റ ഏജൻസി മുഖേന ലഭ്യമാക്കാനും നടപടിയെടുക്കണമെന്ന് കുറവൻകുഴി അമൃതധാര ഗോശാലയിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ക്ഷീര കർഷക വികസന സംഗമം ആവശ്യപ്പെട്ടു. ക്ഷീര വികസനം, മൃഗസംരക്ഷണം, മിൽമ, കെ.എൽ.ഡി ബോർഡ്, ലൈവ് സ്‌റ്റോക്ക് ഡിപ്പാർട്ട്‌മെന്റ്്, കേരള ഫീഡ്‌സ് തുടങ്ങിയവ ക്ഷീരകർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എല്ലാ ഏജൻസികളും ഒരേ കാര്യത്തിനു തന്നെയാണ് സഹായം നൽകുന്നത്.

ഒരിടത്തു നിന്ന് ആനുകൂല്യങ്ങൾ ലഭിച്ചാൽ അതേ ആവശ്യത്തിന് മറ്റൊരു ഏജൻസിയെ സമീപിക്കാനാകില്ല. തുച്ഛമായ തുകയാണ് എല്ലാ ഏജൻസികളും നൽകുന്നത്. ഇതിനൊരു മാറ്റം വരണമെങ്കിൽ വിവിധ വകുപ്പുകളും ഏജൻസികളും നൽകുന്ന ആനുകൂല്യങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം വേണമെന്ന് കർഷക സംഗമം ആവശ്യപ്പെട്ടു. ക്ഷീരകർഷകർക്ക് കന്നുകാലികൾക്കുളള ഇൻഷുറൻസ് സൗജന്യമാക്കണം. നിലവിൽ ഒരു കാലി ചത്താൽ തുച്ഛമായ തുകയാണ് കിട്ടുന്നത്. അതും സ്വകാര്യ ഇൻഷുറൻസുണ്ടെങ്കിൽ മാത്രം. സർക്കാരിന്റെ ഇൻഷുറൻസിൽ നിന്ന് തുക കിട്ടുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. പുറത്ത് ലിറ്ററിന് 70 രൂപ വരെ പാലിന് വില ലഭിക്കുമ്പോൾ മിൽമയിൽ നിന്ന് കിട്ടുന്നത് 44 രൂപയാണ്. ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം ഇത് നഷ്ടമാണെന്നും പ്രതിനിധികൾ പറഞ്ഞു. ക്ഷീരകർഷകർ നേരിടുന്ന വെല്ലുവിളികൾക്കെതിരേ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണമെന്ന പ്രമേയവും അവതരിപ്പിച്ചു.

പത്തനംതിട്ടയിൽ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായി നടന്ന ക്ഷീരകർഷക സംഗമം മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. ക്ഷീര കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് അവരുടെ പ്രതിസന്ധി പരിഹരിക്കാൻ തയാറാകുകയും പുതുതലമുറയെ ഈ രംഗത്തേക്ക് കൊണ്ടുവരാനും കഴിയണമെന്ന് പുതുശേരി ആവശ്യപ്പെട്ടു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. പ്രമുഖ ക്ഷീര കർഷകനും അടൂർ മേലൂട് ക്ഷീരസംഘം പ്രസിഡന്റുമായ എ.പി. ജയൻ, അമൃതധാര ഗോശാല ഉടമ അജയ്കുമാർ വല്ല്യുഴത്തിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റർ സ്‌പെഷലിസ്റ്റ് ഡോ. സെൻസി മാത്യു ക്ലാസ് നയിച്ചു. ക്ഷീരവികസന വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടർ എം. അയൂബ്, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി ജി. വിശാഖൻ, സംസ്ഥാന സമിതിയംഗം ബോബി ഏബ്രഹാം, കർഷക പ്രതിനിധികളായ സി. പി. ജോയിക്കുട്ടി, കെ.കെ. മോഹനൻ, കെ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

എ.പി. ജയൻ പശു ഫാം നടത്തി പാർട്ടി നടപടി നേരിട്ടയാളെന്ന് പുതുശേരി

പുല്ലാട്: പശു ഫാം നടത്തിയതിന്റെ പേരിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും നടപടി നേരിട്ട ആദ്യ ആളാണ് സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി എ. പി. ജയനെന്ന് ജോസഫ് എം. പുതുശേരി. പശു വളർത്തലിൽ നിന്നും പലരും പിൻവാങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് എ. പി. ജയനെപ്പോലെയുള്ള പൊതുപ്രവർത്തകർ ഈ രംഗത്ത് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്യാപ്ഷന്‍…
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി പുല്ലാട് അമൃതധാര ഗോശാലയില്‍ സംഘടിപ്പിച്ച ക്ഷീര കര്‍ഷക വികസന സംഗമം മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യുന്നു. അജയകുമാര്‍ വല്ല്യുഴത്തില്‍, എം. അയൂബ്, ബിജു കുര്യന്‍, ജി. വിശാഖന്‍, എ.പി. ജയന്‍, ബോബി ഏബ്രഹാം തുടങ്ങിയവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *