ഇരവിപേരൂർ – പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനത്തിന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വീണ ജോർജ് എത്തിയില്ല. മുതിർന്ന കർഷകത്തൊഴിലാളിയായ ചിന്നമ്മയെ ഉദ്ഘാടകയാക്കി ‘തിരിച്ചടിച്ച്’ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസിൽ ഉദ്ഘാടനം ചെയ്യാൻ എത്താമെന്ന് മന്ത്രി ഏറ്റിരുന്നു. മുൻപ് പഞ്ചായത്തും സർക്കാരും നടത്തിയ പല ചടങ്ങുകളിലും ക്ഷണിച്ചിരുന്നുവെങ്കിലും മന്ത്രി എത്തിയിരുന്നില്ല. പഞ്ചായത്തിലെ ഒരു വിഭാഗം സി.പി.എം നേതാക്കളും മന്ത്രിയുമായുള്ള പടലപ്പിണക്കമായിരുന്നു ഇതിന് കാരണം എന്നാണറിയുന്നത്. മന്ത്രിയെ അനുകൂലിക്കുന്ന സി.പി.എമ്മിന്റെ വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള മുൻ അനുഭവം ഉണ്ടായിട്ടും മന്ത്രിയെ ക്ഷണിച്ചത് എത്തുമെന്ന ഉറപ്പിലായിരുന്നു. എന്നാൽ, സമയമായപ്പോൾ മന്ത്രി വന്നില്ല.
തുടർന്ന് പഞ്ചായത്തിലെ മുതിർന്ന കർഷക തൊഴിലാളി കൂടിയായ ചിന്നമ്മ കേശവനെ കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള ഉദ്ഘാടനം നടത്തിച്ചു. മന്ത്രി വീണ ജോർജ് ഇത് നാലാം തവണയാണ് പഞ്ചായത്തിലെ പരിപാടിക്ക് വരാമെന്ന് ഏറ്റ ശേഷം പിന്മാറുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് കർഷക തൊഴിലാളിയെ ഉദ്ഘാടകയാക്കിയതെന്നാണ് വിവരം. നേരത്തേ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ആധുനിക അറവുശാല ഉദ്ഘാടനം ചെയ്ത ചടങ്ങിലും വീണ ജോർജ് എത്തിയിരുന്നില്ല. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് അന്ന് വിട്ടു നിന്നത്.
പിന്നീട് പല പരിപാടികൾക്ക് ശ്രമിച്ചെങ്കിലും വീണ ഇരവിപേരൂരിൽ എത്തിയില്ല. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എൻ. രാജീവിനെതിരെ മുൻ എസ്.പി വി.ജി. വിനോദ്കുമാറിനെ ഉപയോഗിച്ച് കള്ള റിപ്പോർട്ട് തയ്യാറാക്കി സി.ഡബ്ല്യു.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിൽ വീണയുടെ സ്വാർഥ താൽപര്യമാണെന്ന് ഒരു വിഭാഗം പാർട്ടി അണികൾക്കിടയിൽ സംസാരമുണ്ട്. ഈ വിഷയത്തിൽ വീണയ്ക്കെതിരെ സമൂഹമാധ്യമത്തിൽ പ്രതികരിച്ചവർക്കെതിരെ നടപടിക്കും നീക്കം നടന്നിരുന്നു. പിന്നീട് ഇതേ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ പോലീസ് സേനയുടെ യോഗത്തിൽ അഭിപ്രായം പറഞ്ഞതോടെ അണികൾക്ക് വീണയോടുള്ള നീരസം ഇരട്ടിച്ചു.
ഇത്തവണ വീണയെ യോഗത്തിലെത്തിക്കാൻ രാജീവിന്റെ എതിർ വിഭാഗത്തിൽപ്പെട്ട നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയാണ് ശ്രമം നടത്തിയത്. പരിപാടിയിൽ വീണ എത്തുന്നതിൽ അമർഷമുള്ള പഞ്ചായത്ത് അംഗങ്ങളും പാർട്ടി അംഗങ്ങളും യോഗത്തിൽ നിന്ന് വിട്ട് നിന്നിരുന്നു. ഇത് മറികടക്കാൻ സമീപ പഞ്ചായത്തായ പുറമറ്റത്ത് നിന്നു പോലും ആൾക്കാരെ എത്തിച്ച് സദസ് നിറച്ചു.
തൊഴിലുറപ്പ് പദ്ധതിയിലും കുടുംബശ്രീയിലും സജീവ അംഗമായ ചിന്നമ്മ കേശവനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിലൂടെ പാർട്ടിയിലെ സാധാരണ പ്രവർത്തകരുടെ വികാരമാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രകടിപ്പിച്ചതെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു. ചിന്നമ്മയെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡന്റ് ക്ഷണിക്കുമ്പോൾ ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം വർഗീസ് ജോർജ് എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. ഈ സംഭവത്തോടെ ഇരവിപേരൂരിൽ പാർട്ടിയിലെ രണ്ടു വിഭാഗങ്ങളും മന്ത്രിക്ക് എതിരായി എന്നാണ് സംസാരം.


