മാനന്തവാടി: നരഭോജിയായ കടുവ ചത്തതിന്റെ ആശ്വാസത്തിന്റെ ചെടുവീർപ്പിനിടയിൽ വയനാട്ടിൽ വീണ്ടും കടുവയെ കണ്ടതായി റിപ്പോർട്ട്. കുറക്കൻ മൂലയിൽ കടുവ വളർത്തുനായയെ പിടികൂടി. കാവേരി പൊയിൽ പ്രദേശത്ത് ഇന്നലെ രാത്രി കടുവ ഇറങ്ങിയെന്നും ഒരാളുടെ വളർത്തുനായയെ കടുവ പിടിച്ചു എന്നുമാണ് പ്രദേശവാസികളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കടുവ ഭീതി ഇതോടെ വായനാട്ടുകാർക്ക് കൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മാനന്തവാടിയിൽ രാധ എന്ന സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ കടുവയെ പിന്നീട് ചത്ത നിലയിൽ ദൗത്യസംഘം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മാനന്തവാടിയിൽ ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും കടുവയിറങ്ങിയതിന്റെ റിപ്പോർട്ടുകൾ പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.


