സഖാക്കളെ മുന്നോട്ട്.. മുന്നോട്ട്.. മുന്നോട്ട്.. പാട്ടുംപാടി ഭീമൻ രഘു സിപിഎമ്മിലേക്ക് !!

Kerala Politics
Print Friendly, PDF & Email

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് പാട്ടുംപാടി നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്.. എകെജി സെന്ററിൽ എത്തിയ നടൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററെ നേരിൽ കണ്ടു. ചിന്തിക്കുന്നവർക്ക് ബിജെപിയിൽ നിൽക്കാനാകില്ലെന്നും കേരളത്തിൽ ബിജെപിക്ക് വളരാനാകില്ലെന്നും ഭീമൻ രഘു കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. സഖാക്കളെ മുന്നോട്ട്.. എംജെന്നോട്ട്.. മുന്നോട്ട്.. മുന്നോട്ട്. എന്ന ഗാനം ആലപിച്ചശേഷമാണ് ഭീമൻ രഘു മടങ്ങിയത്.

ഭീമൻ രഘു മാധ്യമങ്ങളോടു സംസാരിച്ചത് ഇങ്ങനെ :

”സന്തോഷകരമായ നിമിഷമായാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. പെട്ടെന്നൊരു മാറ്റമുണ്ടായതായി എനിക്കു തോന്നുന്നു. ആദർശപരമായ വിയോജിപ്പുമൂലമാണ് ബിജെപി വിട്ടത്. ചിന്തിക്കാൻ കഴിവുള്ളവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരമായി ‘നമുക്ക് നോക്കാം’ എന്നാണ് പറയുന്നത്. എന്നാൽ കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. വിജയിക്കാൻവേണ്ടിയല്ല ഞാൻ ബിജെപിയിൽ ചേർന്നത്. നമുക്കുള്ള കഴിവുകൾ കാട്ടാനുള്ള അവസരം അവർ തരുന്നില്ല. അതാണ് അവിടെനിന്നു മാറാനുള്ള കാരണം.

2016ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടിവന്നു. പുതിയ ആളുകളാണെങ്കിലും സ്ഥാനാർത്ഥിയായാൽ അതിനനുസരിച്ചുള്ള കാര്യങ്ങൾ നടത്തപ്പെടണം. എന്നാൽ അന്ന് ഞാൻ എന്റെ കാറിൽ ഡ്രൈവറെയും വച്ച് ചെല്ലുമ്പോഴാണ് പല നേതാക്കന്മാരും സ്ഥലത്ത് എത്തുക. ഇതു മാനസികമായ ഒരുപാടു പ്രയാസങ്ങൾ ഉണ്ടാക്കി.

ഗണേശ് കുമാറിന്റെ തിരഞ്ഞെടുപ്പിന് മോഹൻലാൽ, പ്രിയദർശൻ, അങ്ങനെ ഒരുപാട് ആളുകൾ വന്നു. അന്ന് ഞാൻ ആദ്യം സന്തോഷിച്ചു, എനിക്കും ഒരാളുണ്ടല്ലോ സിനിമാ മേഖലയിൽനിന്ന് സുരേഷ് ഗോപി. അദ്ദേഹത്തെ ഞാൻ ഏഴെട്ടു പ്രാവശ്യം വിളിച്ചു. എല്ലാത്തവണയും അദ്ദേഹത്തിന്റെ പിഎ ആണെടുക്കുന്നത്. അദ്ദേഹം ഭയങ്കര തിരക്ക് ആണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇനി വിളിക്കേണ്ടെന്നു തീരുമാനിച്ചിരിക്കെ, ഒരു തവണ കൂടി ഫോൺ വിളിച്ചു. അപ്പോൾ സുരേഷ് ഗോപിയെടുത്തു സംസാരിച്ചു. ‘സുരേഷേ, ഇവിടുത്തെ ബഹളങ്ങളൊക്കെ കേൾക്കുന്നില്ലേ, ഒരു ദിവസമെങ്കിലും പത്തനാപുരത്ത് എത്താമോ’ എന്നു ചോദിച്ചു. എന്നാൽ ‘എന്റെ ചേട്ടാ, എനിക്ക് വരാൻ പറ്റില്ല. കാരണം പിഎമ്മിന്റെ കൂടെ ഉള്ള പ്രോഗ്രാം എല്ലാം ബുക്ക്ഡ് ആണ്’ എന്ന മറുപടിയാണ് ലഭിച്ചത്.

താഴേക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചാൽ മാത്രമേ ബിജെപിക്ക് ഇവിടെ പച്ചപിടിക്കാൻ പറ്റൂയെന്ന് പലവട്ടം ഒപ്പമുണ്ടായിരുന്ന നേതാക്കളോടു പറഞ്ഞിരുന്നു. അതിന്റെ ഉദാഹരണം ഇപ്പോഴത്തെ എൽഡിഎഫിന്റെ പ്രവർത്തനമാണ്. അവരുടെ പ്രവർത്തനം മാതൃകയാക്കി ഇറങ്ങിയാലേ മുന്നേറ്റമുണ്ടാകുകയുള്ളൂ. അന്നെനിക്ക് 13,000ൽ പരം വോട്ടുകൾ ലഭിച്ചു. അതിനു മുൻപു വരെ ബിജെപി സ്ഥാനാർത്ഥിക്ക് ആയിരം, രണ്ടായിരം വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചത്. അന്നു പ്രവർത്തനം ശരിയായ നിലയിൽ ആയിരുന്നെങ്കിൽ കുറേക്കൂടി വോട്ട് പിടിക്കാൻ സാധിച്ചേനെ. അതിൽ മാനസികമായി വിഷമം ഉണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *