പത്തനംതിട്ട – പ്രമുഖ ശിൽപ്പിയും ശബരിമലയിലെ അയ്യപ്പവിഗ്രഹം നിർമ്മിച്ച ചെങ്ങുന്നൂർ തട്ടാരേത്ത് കുടുംബാംഗവുമായ മഹേഷ് പണിക്കരാണ് ആരോപണവുമായി രംഗത്തെത്തിയത്. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ ചെമ്പ് പാളികളിൽ സ്വർണ്ണം പൂശാൻ കൊണ്ടുപോയത് തട്ടിപ്പിന് വേണ്ടിയാകാമെന്ന് ശിൽപ്പിയായ മഹേഷ് പണിക്കർ പറയുന്നു. ചെമ്പ് പാളികൾ സ്വർണ്ണം പൂശുന്നത് ശബരിമലയിൽ വച്ച് തന്നെ ചെയ്യാവുന്നതേയുള്ളു. ഇലക്ട്രോ പ്ലേറ്റിങ് ജോലികൾക്ക് ഏറിയാൽ 20 മിനിട്ട് മാത്രമാണ് ആവശ്യം എന്നിരിക്കെ, ഇവ 45 ദിവസത്തോളം ഇവർ കൈവശം വച്ചത് ദുരൂഹമാണ്. ശബരിമല ക്ഷേത്രത്തെ സംരക്ഷിക്കുന്ന ദ്വാരപാലകരാണ് വ്രതം നോക്കുന്ന അയ്യപ്പ ഭക്തരെയും സംരക്ഷിക്കുന്നതെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിൻ്റെ മറവിൽ ശബരിമലയിൽ മുമ്പ് കീഴ്ശാന്തിയായി ജോലിചെയ്തിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി വിശ്വാസ തട്ടിപ്പിനായി ഇവ ഉപയോഗിച്ചിരിക്കാം. ഇവിടെനിന്ന് കൊണ്ടുപോയ പാളികളല്ല തിരിച്ചെത്തിച്ചത്. അതേപ്പറ്റി പരിശോധന നടത്താൻ ശാസ്ത്രീയ മാർഗ്ഗങ്ങളുണ്ട്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ ലക്ഷണമൊത്തവയും കേടുപാടുകൾ ഇല്ലാത്തവയുമാണ്. ഇവയിൽ സ്വർണ്ണം പൊതിയേണ്ട ആവശ്യമില്ല. കേട് വന്ന ശിൽപ്പങ്ങളാണ് പൊതിഞ്ഞ് സൂക്ഷിക്കുന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണ്ണം പൂശിയതിലും ദുരുഹതയുണ്ട്. ഇനിയും ഏതാനും വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും സ്വർണ്ണം പൂശാനെന്ന വ്യാജ്യേന പാളികൾ കടത്താനും സാധ്യതയുണ്ട്. ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണ പാളികൾ സ്ഥാപിക്കണോ എന്നതിൽ ദേവഹിതം നോക്കണം. പാളികൾ കൊണ്ടു പോയവതന്നെയാണോ തിരിച്ചെത്തിച്ചത് എന്നതിനെപ്പറ്റിയും പരിശോധന നടത്തണമെന്നും മഹേഷ് പണിക്കർ ആവശ്യപ്പെട്ടു. ശബരിമലയിലെ അയ്യപ്പ ശിൽപ്പം നിർമ്മിച്ച ചെങ്ങന്നൂർ തട്ടാവിള കുടുംബാംഗമായ മഹേഷ് പണിക്കരാണ് അടുത്തിടെ ശബരിമലയിൽ പ്രതിഷ്ഠിച്ച നവഗ്രഹ ശിൽപ്പങ്ങളും നിർമ്മിച്ച് നൽകിയത്.


