പെരുനാട്ടിലെ ബാബു ആത്മഹത്യ ചെയ്തിട്ട് മൂന്നു വർഷം : ആത്മഹത്യാക്കുറിപ്പുണ്ടായിരുന്നിട്ടും അന്വേഷണം അട്ടിമറിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി/പെരുനാട് – സി.പി.എം പ്രവര്‍ത്തകനായിരുന്ന മേലേതില്‍ ബാബു സ്വന്തം പാര്‍ട്ടി നേതാക്കളുടെ ഭീഷണി മൂലമുള്ള മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ജീവനൊടുക്കിയിട്ട് ഇന്നലെ മൂന്നു വര്‍ഷം തികഞ്ഞു. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ സി.പി.എം നേതാക്കളുടെ പേര് എഴുതി വച്ചിട്ടാണ് ബാബു വീടിന് സമീപമുള്ള പള്ളിയുടെ പറമ്പിലെ റബര്‍ മരത്തില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യയ്ക്ക് കാരണക്കാരായ നേതാക്കളുടെ പേര് എഴുതി വച്ചിരുന്നുവെങ്കിലും ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയാറായില്ല.

കുറിപ്പിലെ കൈയക്ഷരം പരിശോധിച്ചിട്ടാകാം നടപടി എന്ന നിലപാടായിരുന്നു പോലീസിന്. ഇതോടെ ബാബുവിന്റെ ഭാര്യയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. സ്വന്തം പേരിലുള്ള സ്ഥലം സി.പി.എം ഭരിക്കുന്ന പെരുനാട് പഞ്ചായത്തിലെ നേതാക്കന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് വിട്ടു നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം ഭീഷണി നേരിട്ടത്. അങ്ങനെ സ്ഥലം വിട്ടുനില്‍ക്കുന്നതില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ 25 ലക്ഷം കോഴയായി നല്‍കണമെന്ന് നേതാക്കന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതമല്ലാതിരുന്ന ബാബു പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മറ്റി അംഗവുമായ പി.എസ്.മോഹനന്‍, ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ. തോമസ്, വാര്‍ഡ് മെമ്പര്‍ ശ്യാം എം.എസ് എന്ന വിശ്വന്‍ എന്നിവരുടെ പേരുകള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയ ശേഷമാണ് ജീവനൊടുക്കിയത്. ഇത് നാട്ടില്‍ വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. അദ്ദേഹത്തിന്റെ ചരമവാര്‍ഷികമായ ഇന്നലെ ബന്ധുക്കളുടെയും എസ്.എന്‍.ഡി.പി കുടുംബ യോഗാംഗങ്ങളുടെയും നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു.

ബാബുവിന്റെ ഭാര്യ കുസുമ കുമാരി, ബി.ജെ.പി ജില്ലാ സെക്രട്ടറി പി.വി. അനോജ് കുമാര്‍, പെരുനാട് പഞ്ചായത്ത് അംഗം അരുണ്‍ അനിരുദ്ധന്‍, ബി.ജെ.പി പെരുനാട് ഏരിയ ജനറല്‍ സെക്രട്ടറി സാനു മാമ്പാറ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ സൂരജ് സദാശിവന്‍, ദീപു കണ്ണനുമണ്‍, അനില്‍ കുമാര്‍, ശ്രീജന, രാജന്‍ പോത്തങ്ങാനത്ത്, കലേഷ് മാടമണ്‍, സോമരാജന്‍ മന്നപ്പുഴ, ബിജു മടുത്തുമൂഴി, സിജു മോന്‍, ശര്‍മ്മ ടി എസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *