നഗരസഭാ ഓഫിസിനു സമീപത്തെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു : പന്തളത്ത് നഗരസഭാ ജീവനക്കാരുമായി തർക്കം

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം : നഗരസഭാ ഓഫിസിനു സമീപത്തെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച കച്ചവടക്കാരും നഗരസഭാ ഭരണസമിതി അംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. നഗരസഭ നിര്‍മിക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറത്തേക്കുള്ള റോഡ് നിര്‍മാണത്തിനായാണ് കച്ചവടക്കാരെ ഒഴിപ്പിച്ചതെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. ഇന്നലെ രാവിലെ എട്ടിന് ഒഴിപ്പിക്കല്‍ ആരംഭിച്ചത്. പച്ചക്കറി, മത്സ്യം തുടങ്ങിയവ വില്‍പന നടത്തിവന്ന മൂന്ന് കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. പോലീസിന്റെ സഹായത്തോടെ എത്തിയ നഗരസഭാ അധികൃതര്‍ ഷെഡ് പൊളിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്‍ ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കരയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തര്‍ക്കവും ബഹളവുമുണ്ടായി. പിന്നീട് പോലീസിന്റെ സഹായത്തോടെ കച്ചവടം ഒഴിപ്പിച്ചു. മൂന്ന് വ്യാപാരികള്‍ക്കും ചന്തയില്‍ സ്ഥലം നല്‍കാനും തീരുമാനമായി. ഓണത്തിനു മുന്‍പ് തന്നെ ഒഴിയണമെന്ന് അറിയിച്ചിരുന്നുവെന്ന് നഗരസഭാ അധികാരികള്‍ പറഞ്ഞു. ഓണം കഴിയുന്നത് വരെ സമയം നല്‍കുകയും ചെയ്തു. ബുധനാഴ്ചയും ഉദ്യോഗസ്ഥര്‍ ഒഴിയണമെന്നാവശ്യപ്പെടുകയും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നെങ്കിലും ആരും മാറിയിരുന്നില്ല. തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് നഗരസഭാ ഉപാധ്യക്ഷ പറഞ്ഞു. വികസനത്തിന്റെ പേരില്‍ നാളുകളായി വഴിയോര കച്ചവടത്തൊഴിലാളികളെ ഭരണസമിതി ദ്രോഹിക്കുകയാണെന്ന് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്‍ ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *