നവീന അദ്ധ്യയന രീതിയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിന് ഭൗതിക സൗകര്യങ്ങളോടൊപ്പം നവീന അധ്യയന രീതികളും ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കലഞ്ഞൂർ മാങ്കോട് സർക്കാർ എച്ച് എസ് സ്‌കൂളിലെ എൽ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ഹയർസെക്കൻഡറി ബ്ലോക്ക് നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

കുട്ടികൾക്ക് സ്വയം പഠിക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. വിദ്യാർഥികൾക്ക് സെൽഫ് ലേർണിങ് രീതിയിലൂടെ പഠനം കൂടുതൽ ലളിതമാക്കുന്ന ഡിജിറ്റൽ റിസോഴ്‌സുകൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഇന്നത്തെ കുട്ടികൾ നാളെയുടെ ഗവേഷകരും ശാസ്ത്രജ്ഞരുമാണ്. കുട്ടികളുടെ ചിന്തകൾക്ക് ശാസ്ത്രീയ ദിശാബോധം നൽകാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. വിദ്യാലയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം ആരംഭിക്കുന്നതിന് നിരവധി പദ്ധതികൾ സർക്കാർ മുന്നോട്ടുവയ്ക്കുന്നു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് സർക്കാരിന്റെ ആദ്യ പരിഗണനയാണെന്നും മന്ത്രി പറഞ്ഞു. പഠനത്തിന് പുറമെ സമൃദ്ധമായ ഉച്ചഭക്ഷണത്തിനായി പുതിയ മെനുവും നടപ്പിലാക്കുന്നു. ആരോഗ്യവും പഠനവും കൈകോർക്കുന്ന സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേർത്തു.

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് അധ്യക്ഷൻ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 1.32 കോടി രൂപ വിനിയോഗിച്ചാണ് എൽ.പി വിഭാഗത്തിനുള്ള പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. എസ് എസ് കെ ഫണ്ടിൽ നിന്നും 72 ലക്ഷം രൂപ അനുവദിച്ചാണ് ഹയർസെക്കൻഡറി ബ്ലോക്ക് നിർമിക്കുന്നത്.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ മുഖ്യപ്രഭാഷണം നടത്തി. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, ജില്ലാ പഞ്ചായത്തംഗം വി ടി അജോമോൻ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി ആർ അനില, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ റെനി ആന്റണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വി എം ജയ റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *