പന്തളത്തെ വിശ്വാസ സംഗമത്തെ തുടർന്ന് മൂന്നു മണിക്കൂറോളം എംസി റോഡ് നിശ്ചലമായത് പോലീസിനുണ്ടായത് വീഴ്ചയോ ?

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം – ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച വിശ്വാസ സംഗമ പരിപാടിക്ക് എസ്എച്ച്ഓ കൊടുത്ത റിപ്പോർട്ട് പ്രകാരം എത്തുന്നതായി കണക്കാക്കിയത് 1500 പേർ ; പങ്കെടുത്തതോ ഇരുപതിനായിരത്തോളം പേർ ; മൂന്നു മണിക്കൂറോളം എംസി റോഡ് നിശ്ചലമായത് പോലീസിനുണ്ടായത് വീഴ്ചയോ ? പോലീസിന്റെയും സർക്കാരിന്റെയും കണക്കൂ കൂട്ടൽ തെറ്റിച്ചു നടന്ന വിശ്വാസ സംരക്ഷണ സംഗമം. 1500 പേർ മാത്രമേ വരൂവെന്ന പന്തളം എസ്എച്ച്ഓയുടെ വാക്ക് വിശ്വസിച്ച് നിയോഗിച്ചത് വെറും 200 പോലീസുകാരെ. എം.സി റോഡ് മൂന്നു മണിക്കൂർ നിശ്ചലമായത് കൂടാതെ ഗതാഗതം വഴി തിരിച്ചു വിടാൻ പോലും കഴിയാതെ പോലീസ് പെട്ടു. വെട്ടിലായത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്.

പമ്പയിൽ ദേവസ്വം അതുവഴി സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമ സമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം വിജയിക്കില്ലെന്ന മട്ടിലാണ് പന്തളം എസ്.എച്ച്.ഓ ടി.ഡി. പ്രജിഷ് റിപ്പോർട്ട് നൽകിയത്. 1500 പേരിൽ കൂടുതൽ പരിപാടിക്ക് കാണില്ലെന്നായിരുന്നു പ്രജീഷ് മേലുദ്യോഗസ്ഥരെ അറിയിച്ചത്. അടൂർ ഡിവൈ.എസ്.പി 3000 പേർ വരുമെന്ന് റിപ്പോർട്ട് കൊടുത്തു. ഫീൽഡിൽ സഞ്ചരിക്കുന്ന സംസ്ഥാന സ്പെഷൽ ബ്രാഞ്ച്, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇത് ഇരട്ടിയാക്കി റിപ്പോർട്ട് നൽകി. അതു പ്രകാരം 200 പോലീസുകാരെ മാത്രമാണ് വിശ്വാസ സംഗമ പരിപാടിക്കായി എംസി റോഡിനരികിലെ കുളനട ശ്രീവൽസം ഗ്രൗണ്ടിൽ നിയോഗിച്ചത്.

ഇരുപതിനായിരത്തോളമോ അതിൽ കൂടുതലോ ജനങ്ങളാണ് ഈ സംഗമത്തിന് എത്തിയത്. പോലീസ് കണക്ക് പ്രകാരം ആ മൈതാനത്ത് ഉലക്കൊള്ളാവുന്നതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ ജനങ്ങളാണ് എത്തിയത്. സംഘാടകർ പോലും ഇത്രയും ആളെ പ്രതീക്ഷിച്ചിരിക്കില്ല. ഗ്രൗണ്ടിന്റെ പകുതിക്കു വച്ചാണ് സ്റ്റേജ് തയാറാക്കിയത്. ഇതോടെ മൂന്നോളം ജില്ലകളിൽ നിന്ന് വന്ന സംഘപരിവാർ പ്രവർത്തകർ അടക്കം റോഡ് വരെ നിരന്നു. വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് ഒന്നും നിശ്ചയിച്ചിരുന്നില്ല. ഇത്രയും ആൾക്കാർ കൂടുമെന്ന് കണ്ട് ഗതാഗതം വഴി തിരിച്ചു വിടാനും കഴിഞ്ഞില്ല. എത്ര പേർ പങ്കെടുക്കുമെന്ന് സംഘാടകർ കൃത്യമായി രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചതുമില്ല.

രാവിലെ പന്തളം നാനാക് കൺവൻഷൻ സെന്ററിൽ നടന്ന സെമിനാറിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തിരുന്നു. ഹാൾ നിറഞ്ഞു കവിഞ്ഞ് ആളുണ്ടായിരുന്നു. ഇതു കണ്ടിട്ടു പോലും വൈകിട്ട് നടക്കുന്ന സംഗമത്തിൽ വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പന്തളം എസ്എച്ച്ഓയ്ക്കോ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കോ മനസിലായില്ല. രണ്ടാഴ്ച മുൻപ് കോന്നിയിൽ നടന്ന കരിയാട്ടത്തിൽ വേടന്റെ പരിപാടിക്ക് ഗതാഗതം തിരിച്ചു വിട്ട് നടത്തിയ ക്രമീകരണം പോലും ചെയ്യാൻ പോലീസിന് ആയില്ല.

ഇരുപതിനായിരത്തോളം പേർ പങ്കെടുത്ത പരിപാടി മുൻകൂട്ടി അറിയാൻ പറ്റാത്ത രഹസ്യാന്വേഷണ വിഭാഗങ്ങളും നേതൃത്വം കൊടുക്കുന്ന ജില്ലാ പോലീസ് മേധാവിയും വീഴ്ച വരുത്തിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തൽ. പമ്പയിൽ നടന്ന സർക്കാർ പരിപാടിക്ക് ആളില്ലാതിരിക്കുകയും വേണ്ടത്ര പ്രചാരണമില്ലാതെ നടന്ന പന്തളം പരിപാടിക്ക് വൻ പങ്കാളിത്തം ഉണ്ടാവുകയും ചെയ്തത് സർക്കാരിന് വലിയ നാണക്കേട് സൃഷ്ടിച്ചു. അതിനിടെയാണ് എം.സി റോഡിൽ മൂന്നു മണിക്കുറോളം ഗതാഗതം തടസപ്പെട്ടത്. പന്തളം എസ്.എച്ച്.ഓയ്ക്കെതിരേ നടപടി വരുമെന്നാണ് സൂചന. !!

Leave a Reply

Your email address will not be published. Required fields are marked *