തിരുവല്ല – ഗാസയിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ ആഗോള തലത്തിൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദവും പ്രതിഷേധവും ഉയരണമെന്ന് മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു. തുടർച്ചയായ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേൽ പിൻമാറാതെ കടുത്ത രീതിയിലുള്ള കര,വ്യോമാക്രമണങ്ങൾ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 75ലധികം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
പതിനായിരങ്ങൾ പലായനം ചെയ്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏകദേശം 65,000ത്തിലധികം പേർ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി അവിടുത്തെ ആശുപത്രികളിൽ അവശ്യം വേണ്ട മരുന്നുകളില്ല. ഭക്ഷണവും മരുന്നുകളും അവിടെ എത്തിക്കുവാൻ മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളും കാത്തുകിടക്കുന്നുവെങ്കിലും അവരെ ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. പത്ത് ലക്ഷത്തോളമുള്ള ഗാസയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ജനങ്ങളും പലായനം ചെയ്തു കഴിഞ്ഞു. ഹമാസ് കടന്നു കയറി ആയിരത്തിലധികം ആളുകളെ കൊലപ്പെടുത്തിയതിന്റെ പ്രതികാര നടപടിയായി ഇസ്രായേൽ ആരംഭിച്ച സംഘർഷം ഇപ്പോൾ അതിരു കടന്ന ക്രൂരതയായി മാറിയിരിക്കുന്നു. ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് യു.എൻ അന്വേഷണ കമ്മിഷൻ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
പലസ്തീനിലെ ജനതയെ ഒന്നാകെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രായേലിന്റെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കാണെന്ന് യു.എന്നിന്റെ പലസ്തീൻ അന്വേഷണ കമ്മിഷൻ പ്രസ്താവിക്കുന്ന സ്ഥിതി വിശേഷം പോലും ഉണ്ടായി. ആ പ്രദേശത്ത് ദീർഘനാളുകളായി നിലനിൽക്കുന്ന ദുരിതം അവസാനിക്കുവാൻ അധികൃതരും സഭാ സമൂഹങ്ങളും ശബ്ദമുയർത്തണം. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായും ഗാസയിൽ ശാശ്വത സമാധാനം പുലരാനും എല്ലാവരും പ്രാർത്ഥിക്കണം. ഗാസായിലെ സംഘർഷത്തിന് അയവ് വരുന്നതിനും മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനും വേണ്ടി ഞായറാഴ്ച മാർത്തോമ്മാ സഭയുടെ എല്ലാ ദൈവാലയങ്ങളിലും ആരാധനാ മദ്ധ്യേ പ്രത്യേക പ്രാർത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


