കുമ്പനാട് – എസ്എൻഡിപി തിരുവല്ല, കോഴഞ്ചേരി യൂണിയൻ ശാഖാ പ്രവർത്തക സംഗമത്തിന് കുമ്പനാട് ലോയൽ ഓഡിറ്റോറിയത്തിൽ എത്തിയ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശനോടുള്ള സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഇങ്ങനെ..
പമ്പയിലെ അയപ്പസംഗമം മോശമായ കാര്യമായി തോന്നുന്നില്ല. അയ്യപ്പൻ്റെ പ്രസക്തി ലോകത്തിൻ്റെ നെറുകയിലെത്തിക്കാൻ വേണ്ടി ദേവസ്വം ബോർഡും സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തിൽ എല്ലാ അയ്യപ്പഭക്തരും സഹായിക്കുകയും സഹകരിക്കുകയും വേണമെന്നാണ് തൻ്റെ അപേക്ഷ എന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതിൻ്റെ പേരിൽ ഒരു വിവാദ ഭൂമിയായി ശബരിമലയെ മാറ്റരുത്. ആരു പറഞ്ഞു എന്ന് നോക്കാതെ എന്ത് പറഞ്ഞു എന്ന് മനസിലാക്കി അതിനോട് സഹകരിക്കാനും ക്ഷേത്രത്തിൻ്റെ പ്രസക്തി വർദ്ധിപ്പിച്ചാൽ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും കേരളത്തിനും ഗുണകരമാകും. ‘ ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയുമ്പോലെ ചിലർക്ക് എല്ലാം കുറ്റമായി തോന്നും ‘ നല്ലതിനെ നല്ലതായി കാണുന്നതാണ് നല്ലത്. പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും. പന്തളത്തെ സംഗമത്തിൽ ക്ഷണമില്ല. ഉണ്ടെങ്കിലും പോകില്ല.
മുമ്പ് ഈ സർക്കാർ മുസ്ലിങ്ങളെ സംഘടിപ്പിച്ചപ്പോൾ മാധ്യമങ്ങൾ വിമർശിച്ചില്ലല്ലൊ എന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശൻ്റെ ആയുധങ്ങളെല്ലാം ചീറ്റി നാറി പോവുകയാണ്. നാടു നീളെ നടന്ന് മുട്ടയിടുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടം സതീശൻ്റെ വാക്കുകളെ അംഗീകരിക്കുന്നില്ല എന്നതിന് തെളിവല്ലെ രാഹുൽ നിയമസഭയിലെത്തിയതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. കുമ്പനാട് സംഘടിപ്പിച്ച തിരുവല്ല കോഴഞ്ചേരി എസ് എൻ ഡി പി യൂണിയനുകളുടെ സംയുക്ത നേത്യസംഗമത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.


