മല്ലപ്പള്ളി – കറുകച്ചാലിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത. ക്വട്ടേഷൻ കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ കൂത്രപ്പള്ളി സ്വദേശിനി നീതു കൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാവിലെ 8.45 ന് കറുകച്ചാൽ വെട്ടിക്കാവുങ്കൽ കവളമാവ് റോഡിൽ നീതു വാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപത്തു വച്ചായിരുന്നു സംഭവം.
നീതു രാവിലെ ജോലിയ്ക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഈ സമയം റോഡിലൂടെ എത്തിയ ഇന്നോവ ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയി. കാറിടിച്ച് ഇവർ റോഡരികിലേയ്ക്കാണ് വീണത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകട മരണമെന്ന നിലയിൽ പൊലീസ് കേസ് അന്വേഷിച്ചെങ്കിലും പിന്നീട് ആസൂത്രിതമായ കൊലപാതകമെന്ന നിഗമനത്തിലെത്തുകകയായിരുന്നു. നീതു ഏഴു വർഷത്തോളമായി ഭർത്താവുമായി പിണങ്ങി രണ്ടു കുട്ടികൾക്കൊപ്പം വാടക വീട്ടിൽ കഴിയുകയിരുന്നു. ഇവരുടെ ഭർത്താവ് കാഞ്ഞിരപ്പള്ളി സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.


