ആറന്മുളയിൽ പമ്പയുടെ ഓളപ്പരപ്പിനും ആവേശം : ജലരാജാക്കന്മാരായി കോറ്റാത്തൂരും മേലുകരയും

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയിൽ മന്നം ട്രോഫിയിൽ മുത്തമിട്ട് മേലുകരയും, കോറ്റാത്തൂരും. എ ബാച്ചിൽ മേലുകര ഒന്നാമതെത്തിയപ്പോൾ ബി ബാച്ചിൽ കോറ്റാത്തൂർ വിജയികളായി. പമ്പയുടെ നെട്ടയത്തിൽ ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടത്തിലാണ് ഇരുപള്ളിയോടങ്ങളും വിജയികളായത്. എ ബാച്ചിലെ ഫൈനൽ മത്സരത്തിൽ അയിരൂർ, മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമല കിഴക്ക്, മേലുകര പള്ളിയോടങ്ങളാണ് മത്സരിച്ചത്. വാശിയേറിയ മത്സരത്തിനൊടുവിൽ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് പള്ളിയോടങ്ങൾ ഫിനിഷിങ് പോയന്റിലെത്തിയത്.

ബി ബാച്ച് പള്ളിയോടങ്ങളുടെ ഫെനലിൽ കോറ്റാത്തൂർ, കോടിയാട്ടുകര, ഇടപ്പാവൂർ, തൈമറവുംകര പള്ളിയോടങ്ങൾ അണിനിരന്നു.
ബി ബാച്ചിലും അത്യന്തം വാശിയേറിയ മത്സരമാണ് നടന്നത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഇവിടെയും വിജയികളെ നിശ്ചയിച്ചത്. ലൂസേഴ്‌സ് ഫൈനലിൽ എ ബാച്ചിൽ കുറിയന്നൂർ പള്ളിയോടവും ബി ബാച്ചിൽ വന്മഴിയും വിജയികളായി. എ, ബി ബാച്ചുകളിൽ ഏറ്റവും നന്നായി പാടി തുഴഞ്ഞ പള്ളിയോടത്തിനുള്ള ആർ. ശങ്കർ സുവർണ്ണ ട്രോഫിക്ക് നെല്ലിക്കൽ അർഹത നേടി. ഇത്തവണ ഏറെ നാളുകൾക്ക് മുൻപ് തന്നെ മിക്ക പള്ളിയോട കരകളും ചെറുപ്പക്കാരെ സംഘടിപ്പിച്ച് വിപുലമായ തുഴച്ചിൽ പരിശീലനം നൽകിയിരുന്നു. തുഴച്ചിലിന്റെ വീറും വാശിയും ഭംഗിയും വഞ്ചിപ്പാട്ടിന്റെ ഈണവുമെല്ലാം മത്സരവള്ളംകളിയിലും പ്രകടമായിരുന്നു. മന്ത്രി വീണാ ജോർജ് ജലമേള ഉദ്ഘാടനം ചെയ്തു.

പള്ളിയോടം സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിച്ചു. സിനിമാതാരം ജയസൂര്യ സുവനീർ പ്രകാശനം ചെയ്തു. വാഴൂർ തീർത്ഥപാദാശ്രമം സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, മുൻ എം.എൽ.എമാരായ രാജുഎബ്രഹാം, മാലേത്ത് സരളാ ദേവി, എ. പത്മകുമാർ, കെ.സി രാജഗോപാലൻ, വിവരവകാശ
കമ്മീഷൻ ചെയർമാൻ വി. ഹരികുമാർ, കേരള മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ മെമ്പർ കെ രഞ്ജുനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു്മാരായ ജെ. ഇന്ദിരാദേവി, ബി.എസ്. അനീഷ് മോൻ, സി കെ. അനു, സൂസൻ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, ആർ. അജയകുമാർ, പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. ജയവർമ്മ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *