കോഴഞ്ചേരി: ആറന്മുള വള്ളസദ്യയ്ക്ക് വന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥൻ പമ്പാ നദിയിൽ മുങ്ങി മരിച്ചു. ആലപ്പുഴ പൊതുമരാമത്ത് ബിൽഡിങ് വിഭാഗത്തിലെ ഓഫീസിലെ ക്ലാർക്ക് കായംകുളം ചേരാവള്ളി കണ്ണങ്കര വീട്ടിൽ ഭാസ്കരപിള്ളയുടെ മകൻ ബി. വിഷ്ണുവാ(42)ണ് മരിച്ചത്. വിഷ്ണുവിന്റെ ഭാര്യ രേഖ, കൂട്ടിത്തിലുണ്ടായിരുന്ന അദൈ്വത് (11) എന്നിവർ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സ് സ്കൂബ ടീം നടത്തിയ തെരച്ചിലിൽ രാത്രി ഏഴു മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. അഞ്ചു വർഷമായി ഡെപ്യൂട്ടേഷനിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. ആറന്മുള ചക്കിട്ടപ്പടി മാലക്കര പള്ളിയോട കടവിൽ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
വള്ളസദ്യ കഴിഞ്ഞ മടങ്ങിയ സംഘത്തിലെ ചിലർ ഇവിടെ കുളിക്കാൻ ഇറങ്ങിയിരുന്നു. ഇതിനിടെ ചേരാവളളി സ്വദേശി അദൈ്വത് (11) ഒഴുക്കിൽപ്പെട്ടു. അദൈ്വതിനെ രക്ഷിക്കാൻ ഇറങ്ങിയ വിഷ്ണുവിന്റെ ഭാര്യ രേഖയും ഒഴുകിപ്പോയി. രേഖയെ രക്ഷിക്കാൻ വേണ്ടി വിഷ്ണുവും ചാടി. ഇതിനിടെ അദൈ്വതിനെയും രേഖയെയും 20 മീറ്റർ താഴെ നിന്ന് നാട്ടുകാർ രക്ഷിച്ചു. വിഷ്ണു 20 അടിയോളം താഴ്ചയുള്ള കയത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. പത്തനംതിട്ട ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള സ്കൂബ ടീം നടത്തിയ തെരച്ചിലിലാണ് രാത്രി ഏഴു മണിയോടെ മൃതദേഹം കണ്ടെടുത്തത്.
വിഷ്ണു ഒഴുക്കിൽ പെട്ടിടത്ത് അഗാധമായ കുഴിയും അടിയൊഴുക്കുമുണ്ടായിരുന്നതായി രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു . ആറന്മുള പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രേഖ കായംകുളം സെൻ്റ് മേരീസ് സ്കൂളിലെ ജീവനക്കാരിയാണ്.


