ഇലവുംതിട്ട – ഞാൻ ജീവിക്കുന്ന വർത്തമാന കാലത്തെ ഒരു മഹാൻ തന്നെയാണ് ഷാജൻ സ്കറിയ. അടുത്തിടെയാണ് തനിനിറം കൃഷ്ണൻ നായരെന്ന മഹാനായ മാധ്യമ പ്രവർത്തകനും നാടക ചലച്ചിത്ര മേഖലകളിലെ പ്രതിഭയുമായിരുന്ന കൃഷ്ണൻ നായരുടെ മകൻ അന്തപദ്മനാഭൻ ചേട്ടനെ പരിചയപ്പെടാൻ കഴിഞ്ഞത്. പത്തനംതിട്ടയിൽ കലാഭവൻ നാടക സംഘം എത്തിയപ്പോൾ. തനിറമെന്ന മഞ്ഞപത്രമെന്ന് നാട്ടുകാർ വിളിപ്പേര് ഇട്ടിരുന്ന പത്രം ഇറങ്ങുന്നതും കാത്ത് എന്റെ നാടായ ഇലവുംതിട്ട അയത്തിൽ ഗ്രാമത്തിലെ ആളുകൾ കാത്തിരുന്നതും, അതിലെ വാർത്തകൾ വായിച്ചു ചർച്ചകൾ നടന്നിരുന്നതും ഓർക്കുന്നു. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആയിരുന്നു ആ കാലഘട്ടം.
ഇന്നത്തെ വർത്തമാനകാലത്ത് ഭരണകൂടത്തെയും സമ്പന്നരെയും ഭയന്ന് പല വാർത്തകളും മുക്കുന്ന കാലത്ത് അതെല്ലാം മനുഷ്യരിലേക്ക് എത്തിക്കുന്നതിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും ഷാജൻ സ്കറിയക്കും വലിയ പങ്കുണ്ട്. പല വാർത്തകളും ഷാജൻ സ്കറിയ പറഞ്ഞാലേ വിശ്വസിക്കൂ എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അത്രക്ക് പ്രാധാന്യം നേടിയിട്ടുണ്ട് ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ. കലാനിലയം കൃഷ്ണൻ നായരെയും, എന്റെ നാട്ടുകാരൻ കൂടിയായ പികെ മന്ത്രിയെന്ന കാർട്ടൂണിസ്റ്റിനെയും അക്കാലത്തെ രാഷ്ട്രീയക്കാരും സമ്പന്നരും നേരിട്ടിരുന്നത് കായികമായും, വ്യവഹാരങ്ങൾ കൊണ്ടുമായിരുന്നു. മരണകാലം വരെ കോടതികളിൽ കേസുമായി നടന്നിരുന്ന ആളായിരുന്നു കൃഷ്ണൻ നായർ. എല്ലാം അദ്ദേഹത്തിൻറെ വാർത്തകളുടെ പേരിലെ കേസുകൾ. പക്ഷെ അതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താനോ പറഞ്ഞ, എഴുതിയ കാര്യങ്ങൾ മായിക്കാനോ ആർക്കും കഴിഞ്ഞില്ല. പികെ മന്ത്രിയെന്ന മഹാനായ കാർട്ടൂണിസ്റ്റിനെ ഉള്ളന്നൂർ ഉത്സവപ്പറമ്പിൽ കായികമായി നേരിട്ടും ഒക്കെ തളർത്താൻ നോക്കിയ രാഷ്ട്രീയക്കാർക്ക് അദ്ദേഹത്തിൻറെ മഹത്വം കൂടുതൽ ജനങ്ങൾക്ക് മനസിലാകാനേ അതൊക്കെ ഉപകരിച്ചുള്ളൂ എന്നതാണ് സംഭവിച്ചത്.
ചെറുപ്പത്തിൽ ഞാൻ ചന്ദനക്കുന്ന് യുപി സ്കൂളിൽ പഠിക്കുമ്പോൾ അസംബ്ലിക്ക് പ്രധാന വാർത്തകൾ വായിക്കുവാനുള്ള സഹദേവൻ സാറിന്റെ നിർദ്ദേശം ഉണ്ടായപ്പോഴാണ് ഞാൻ ആദ്യമായി പത്രങ്ങൾ എടുക്കുന്നതും, അതിലെ തലക്കെട്ടുകൾ മാത്രം വായിക്കുന്നതും. അന്നും ബാക്കി വായിക്കാറില്ലായിരുന്നു. പിന്നീട് കാമ്പിശ്ശേരി കരുണാകരനെന്ന ഞങ്ങളുടെ ബന്ധുവായ വല്യച്ഛൻ വീടിനു മുന്നിൽക്കൂടി ഒരു വശം ചരിഞ്ഞു നടന്നുവരുന്നത് എനിക്ക് ചെറിയ ഓർമ്മ മാത്രം. ( ഒരുവശം ചരിഞ്ഞു നടന്നു വന്നിരുന്നത് അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലത്ത് പോലീസ് മർദ്ധനമേറ്റ് ഒരു വാരിയെല്ല് ഒടിഞ്ഞത് എടുത്തു കളയേണ്ടി വന്നിരുന്നതിനാലാണെന്ന് വല്ലമ്മ പറഞ്ഞിരുന്നു ) ഞങ്ങളുടെ വീടിന്റെ തിണ്ണക്ക് ഏറെനേരം വന്നിരുന്ന് തമിഴ് അടക്കം വായിക്കുമായിരുന്ന എന്റെ വല്ല്യമ്മയുമായി രാഷ്ട്രീയവും, നാട്ടുകാര്യങ്ങളുമൊക്കെ ചർച്ച ചെയ്തിരുന്നതും ഓർക്കുന്നു. പിന്നീട് ആയത്തിലെ അദ്ദേഹത്തിൻറെ വീട്ടിലെ വലിയ പുസ്തകശാല ഉഷച്ചേച്ചി എനിക്ക് പൂർണ്ണ സ്വാതത്ര്യം തന്നു പുസ്തകങ്ങൾ എടുക്കുവാനും വായിക്കുവാനും. അന്നാണ് ഞാൻ ലോക സാഹിത്യത്തിലെ അപൂർവ്വ പുസ്തകങ്ങളൊക്കെ വായിക്കുന്നതും അത്ഭുതപ്പെടുന്നതും. മൂലധനം അടക്കം ലോക കമ്മ്യൂണിസത്തെ പറ്റിയുള്ള എത്രെ എത്ര പുസ്തകങ്ങൾ. ജനയുഗം പത്രാധിപരായിരുന്ന അദ്ദേഹത്തിന്റെ ആ പുസ്തകങ്ങളൊക്കെ ഇപ്പോൾ എവിടെയെന്ന് ഉഷച്ചേച്ചി കഴിഞ്ഞ മാസങ്ങളിൽ വീട്ടിൽ വന്നപ്പോൾ ഞാൻ ചോദിച്ചു. കൊല്ലത്തെ വീട്ടിലും, വള്ളികുന്നത്തെ വീട്ടിലും കുറെയൊക്കെ ഉണ്ടന്ന് ചേച്ചി പറഞ്ഞു. പക്ഷെ എന്റെ രാഷ്ട്രീയം ഉരുത്തിരിഞ്ഞത് എന്റെ നാട്ടിലെ സാമൂഹിക ചുറ്റുപാടുകളിൽ നിന്നായിരുന്നു.
എന്റെ എഴുത്തുകൾ ഇന്നത്തെ വലിയ മാധ്യമമായ സമൂഹമാധ്യമങ്ങളിലെ ഏഴുത്തുകളിലൂടെയാണ് തുടങ്ങുന്നത്. പിന്നീട് ഒരു ഓണലൈൻ വാർത്താ വെബ്സൈറ്റും അനുബന്ധ സമൂഹമാധ്യമ അകൗണ്ടുകളിലുമായി ഇന്ന് ഏതാണ്ട് 2 ലക്ഷത്തിൽ കൂടുതൽ ആളുകൾ പിന്തുടരുന്നതും, ചില വാർത്തകളും, വീഡിയോകളുമൊക്കെ കോടിക്കണക്കിനു ആളുകളിലേക്ക് എത്തപ്പെട്ട് ശ്രദ്ധിക്കപ്പെട്ട ഒരിടം പത്തനംതിട്ടയിൽ നിന്നുള്ള ഓണലൈൻ വാർത്താ ഇടപെടലിലൂടെ ഉണ്ടാക്കിയെടുക്കാൻ എനിക്ക് കഴിഞ്ഞു. എല്ലാവരെയും സുഖിപ്പിക്കാൻ മാത്രമുള്ള വാർത്തകൾ മാത്രമല്ല ഞാനും ഉൾപ്പെടുത്താറ്. അതിനാൽ തന്നെചിലർക്കുള്ള സൂക്കേട് അവർ പ്രകടിപ്പിക്കാറുമുണ്ട്. അതൊക്കെ അങ്ങനെതന്നെ തുടരും.
ഷാജൻ സ്കറിയക്ക് നേരെയുണ്ടായ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തെ അപലപിക്കുന്നു.
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


