ശബരിമല: ഹൈക്കോടതി വിധി കാറ്റിൽ പറത്തി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എഡിജിപിയുടെ ട്രാക്ടർ യാത്ര. അതീവ രഹസ്യമായി എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ നടത്തിയ യാത്രയ്ക്ക് ഒത്താശ ചെയ്തത് പത്തനംതിട്ട എസ്.പി വി.ജി.വിനോദ്കുമാറും. കഴിഞ്ഞ ദിവസം നവഗ്രഹ പ്രതിഷ്ഠയ്ക്കായി ശബരിമല നട തുറന്നപ്പോഴാണ് എഡിജിപി ദർശനത്തിനായി വന്നത്. 12 ന് വൈകിട്ട് സന്നിധാനത്തേക്ക് ട്രാക്ടറിൽ പോയ എം.ആർ. അജിത്കുമാർ ഇന്നലെ രാവിലെ തിരിച്ചിറങ്ങിയതും ട്രാക്ടറിൽത്തന്നെ.
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടർ സർവ്വീസ് എന്നത് സാധനങ്ങൾ കൊണ്ടു പോകാൻ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരേ നടപടി എടുക്കാനും നിർദ്ദേശമുണ്ട്. ഈ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് അതീവ രഹസ്യമായി എഡിജിപി സന്നിധാന യാത്രക്ക് ട്രാക്ടർ ഉപയോഗിച്ചത്. പമ്പ – സന്നിധാനം റൂട്ടിൽ നിന്ന് അൽപം മാറി ആൾക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത ഭാഗത്ത് ചെന്നാണ് എഡിജിപി ട്രാക്ടറിൽ കയറി സന്നിധാനത്തേക്ക് പോയത്. അവിടെ ചെന്നിറങ്ങിയതും തിരികെ മടങ്ങിയതും ആൾക്കാർ ശ്രദ്ധിക്കാത്ത ഭാഗം നോക്കിയാണ് ട്രാക്ടർ നിർത്തിയതും.

ഇതാദ്യമായിട്ടല്ല എഡിജിപി അടക്കം പലരും ട്രാക്ടർ യാത്ര നടത്തുന്നത്. ശബരിമല കോ – ഓർഡിനേറ്റർ ആയിരിക്കുമ്പോഴും ആ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷവും ഇദ്ദേഹം ട്രാക്ടർ സന്നിധാന സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നു. ക്രമസമാധാന ചുമതലയുമായി വിലസിയിരുന്ന അജിത്കുമാറിനെതിരേ റിപ്പോർട്ട് നൽകാൻ പോലും അന്ന് ദ്യോഗസ്ഥർക്ക് ഭയമായിരുന്നു. ഇപ്പോൾ വിവാദങ്ങളിൽപ്പെട്ടുഴലുന്ന പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാറാണ് എഡിജിപിക്ക് സുഖസഞ്ചാരം ഒരുക്കിയത് എന്നത് ശ്രദ്ധേയം.
മാസങ്ങൾക്ക് മുൻപ് വി.ജി. വിനോദ്കുമാറും സന്നിധാനത്തേക്ക് ട്രാക്ടർ യാത്ര നടത്തിയത് വിവാദമായിരുന്നു. ഈ വിവരം റിപ്പോർട്ട് ചെയ്ത സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ എസ്.പി അന്ന് ശാസിക്കുകയും ചെയ്തിരുന്നു. തനിക്കെതിരേ ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എസ്.പി എ.ഡി.ജി.പിക്ക് ട്രാക്ടർ ഒരുക്കിയത് എന്ന് പറയുന്നു.
ചില ദേവസ്വം ഉദ്യോഗസ്ഥരും, സമ്പന്നരായ ചില അയ്യപ്പന്മാരും ട്രാക്ടർ സന്നിധാന സഞ്ചാരത്തിന് ഉപയോഗിക്കാറുണ്ട്. ട്രാക്ടറിന്റെ പിന്നിൽ കയറി ഇരുന്ന ശേഷം ടാർപ്പോളിൻ ഇട്ട് മൂടിയാണ് സഞ്ചാരം. ഒരു കാരണവശാലും പമ്പ – സന്നിധാനം പാതയിൽ ട്രാക്ടർ ആരുടേയും യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇതാണ് ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പരസ്യമായി ലംഘിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.


