എടത്വ: ടിക്കറ്റ് എടുത്ത യാത്രക്കാർ പെരുവഴിയിലാക്കി ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസ് ഓട്ടത്തിനിടെ കേടായി. ഇന്നലെ രാവിലെ 9.30 ന് ചമ്പക്കുളത്തു നിന്നും എടത്വയ്ക്ക് പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ എ-27-ാം നമ്പർ സർവ്വീസ് ബോട്ടാണ് ചങ്ങങ്കരി റേഷൻ കടയ്ക്ക് സമീപം വെച്ച് കേടായത്. ജീവനക്കാർ ഏറെ ശ്രമിച്ചിട്ടും ബോട്ട് ഓടിക്കാൻ കഴിഞ്ഞില്ല. ബോട്ടിന്റെ ഷാഫ്റ്റ് പൊട്ടിയതാണ് കേടാകാൻ കാരണം. സർവ്വീസ് പാതിവഴിയിൽ മുടങ്ങിയതോടെ യാത്രക്കാർ ചങ്ങങ്കരിയിൽ ഇറങ്ങി കാൽനടയായും ഓട്ടോ വിളിച്ചു വരുത്തിയും എടത്വയിൽ എത്തിചേരുകയായിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബോട്ടിലുണ്ടായിരുന്നു. യാത്രക്കാരെ വിട്ടതിനു ശേഷം ബോട്ടിലെ ജീവനക്കാർ നദിയിൽ ഇറങ്ങി ഷാഫ്റ്റ് മാറ്റിയപ്പോഴേയ്ക്കും ഉച്ചകഴിഞ്ഞ് 3 മണിയോട് അടുത്തിരുന്നു. പിന്നീടാണ് ബോട്ട് ഇവിടെ നിന്ന് ഓടിച്ചു പോയത്. എടത്വയിൽ ആകെ രണ്ട് ബോട്ടുകളാണ് സർവ്വീസ് നടത്തുന്നത്. അതിൽ ഒരെണ്ണം കേടായതോടെ യാത്രക്കാർ വലഞ്ഞിരുന്നു. ലക്ഷങ്ങൾ മുടക്കി നവികരണം നടത്തുന്ന എടത്വ സബ് ഡിപ്പോയിലാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സർവ്വീസ് ജലഗതാഗത വകുപ്പ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.


