അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ചു: രണ്ടു കൗമാരക്കാർ അറസ്റ്റിൽ:

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: അപകടത്തിൽപ്പെട്ട ബൈക്ക് റോഡരികിലെ വീടിന് സമീപം വച്ചിരുന്നത് മോഷ്ടിച്ചു കടത്തിയ കേസിൽ രണ്ടു കൗമാരക്കാർ പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്തയാളും പത്തൊൻപതുകാരനുമാണ് പിടിയിലായത്. കഴിഞ്ഞ 14 ന് രാവിലെ എട്ടേമുക്കാലോടെ ചെറുകോൽപ്പുഴ റാന്നി റോഡിൽ പുതിയകാവ് അമ്പലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽപ്പെട്ട ആഢംബര ബൈക്ക് അമ്പലത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് സമീപമുള്ള വ്യക്തിയുടെ വീടിന് മുൻവശം മതിലിനോട് ചേർത്ത് വച്ചിരിക്കുകയായിരുന്നു. ഈ ബൈക്കാണ് 17 ന് രാത്രി 11.30 ന് ശേഷം മോഷ്ടിച്ചത്. ഇത് അപകടമുണ്ടായ കേസിലെ പ്രതിയുടെ വാഹനമാണ്.
കേസിൽ പ്രായപൂർത്തിയാകാത്ത ആളെ സംബന്ധിച്ച റിപ്പോർട്ട് കോയിപ്രം പോലീസ് കോടതിക്ക് സമർപ്പിക്കുകയും തെളിവുകൾ ശേഖരിച്ച ശേഷം വീട്ടുകാർക്കൊപ്പം അയയ്ക്കുകയും ചെയ്തു. അയിരൂർ കാഞ്ഞേറ്റുകര വേലംപടി കുമ്പിളും മൂട്ടിൽ സുരേഷിന്റെ മകൻ സൂരജ് (19) ആണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി.

അയിരൂർ കൈതക്കോടി കീമാത്തിൽമുക്കിനു സമീപം കുരുടാമണ്ണിൽ വർക്കലെത്ത് വീട്ടിൽ നിന്നും കോഴഞ്ചേരി മാർത്തോമ്മ സീനിയർ സെക്കൻഡറി സ്‌കൂളിന് സമീപം പാലംതലയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോൺ ഫിലിപ്പോസിന്റെ മകൻ സാം ഫിലിപ്പിന്റെതാണ് മോഷണം പോയ ബൈക്ക്. ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസെടുത്ത കോയിപ്രം പോലീസ് എല്ലാ സ്‌റ്റേഷനുകളിലേക്കും സന്ദേശം അയക്കുകയും ഇരുചക്ര മോഷ്ടാക്കളുടെ വിശദാംശം ശേഖരിച്ച് അനേ്വഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ബൈക്ക് സൂക്ഷിച്ചിരുന്ന വീടിന്റെ സമീപത്തെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികൾ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന്, ജില്ലയിലെയും സമീപജില്ലകളിലെയും വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥാപനങ്ങളിലെത്തി അനേ്വഷണം നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ്, മോഷ്ടിക്കപ്പെട്ട ബൈക്ക് ചെങ്ങന്നൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയശേഷം സാക്ഷികളെ എത്തിച്ച് വാഹനം തിരിച്ചറിഞ്ഞു. പിന്നീട് ശാസ്ത്രീയ പരിശോധനയും വിരലടയാള പരിശോധനയും നടത്തി. തുടർന്ന് ബൈക്ക് കോയിപ്രം പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

പ്രതികൾക്കായുള്ള അനേ്വഷണത്തിനിടെ വ്യാഴാഴ്ച പുലർച്ചെ 12.15 ഓടെ കോഴഞ്ചേരി ബസ് സ്റ്റാൻഡിന് സമീപം പ്രായപൂർത്തിയാകാത്ത കുട്ടിയെ കണ്ടെത്തി. അനേ്വഷണം നടത്തിയപ്പോൾ സൂരജുമായി ചേർന്നാണ് മോഷ്ടിച്ചതെന്ന് മൊഴി നൽകി. ഇയാളുടെ മൊഴിപ്രകാരമാണ് രണ്ടാം പ്രതി സൂരജിനെ 12.45 ന് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്, ബൈക്ക് വച്ചിരുന്ന സ്ഥലത്തേക്ക് ഇരുവരും എത്തിയത് ഒരു സ്‌കൂട്ടറിലാണ്. ഇത് പെട്രോൾ തീർന്നതിനെ തുടർന്ന് സൂക്ഷിച്ചു
വച്ചയിടത്തു നിന്നും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്തു. ചെറുകോൽ പ്പുഴ ചണ്ണമാങ്കൽ ലക്ഷം വീട് കോളനിയിൽ വ്യക്തിയുടെ വീടിന് സമീപമുള്ള ഷെഡിലായിരുന്നു സ്‌കൂട്ടർ സൂക്ഷിച്ചിരുന്നത്. രണ്ടാം പ്രതിയെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവല്ല ഡിവൈ.എസ്.പി അഷാദിന്റെ നിർദേശപ്രകാരം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് അനേ്വഷണം നടക്കുന്നത്. എസ്.ഐ. ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഓ ജോബിൻ, സി.പി.ഓമാരായ അരുൺ കുമാർ, ശശികാന്ത്. രതീഷ് എന്നിവരാണ് സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *