സമൂഹ മാധ്യമം വഴി പതിനാലുകാരിയുമായി അടുപ്പത്തിലായ ശേഷം നഗ്‌നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി : യുവാവ് പിടിയിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം, സന്ദേശങ്ങള്‍ അയച്ച് നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ ചിറ്റാര്‍ പോലീസ് പിടികൂടി.

ഓമല്ലൂര്‍ പുത്തന്‍പീടിക പനച്ചിക്കുഴിയില്‍ വീട്ടില്‍ വിനീഷ് രവീന്ദ്രന്‍ (23) ആണ് അറീസ്റ്റിലായത്. ഫെബ്രുവരി 27 നും മാര്‍ച്ച് 25 നുമിടയിലുള്ള കാലയളവിലാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്നും ഇയാളുടെ ഫോണിലേക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചു വാങ്ങിയത്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ട്രൂകോളര്‍ എന്നിവയിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരം സന്ദേശങ്ങള്‍ അയക്കുകയായിരുന്നു യുവാവ്. ചിത്രങ്ങള്‍ വാങ്ങിയശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി, രാത്രി വീട്ടില്‍ വരുമ്പോള്‍ കതക് തുറന്നിടണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി.

11 ന് സ്‌കൂള്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് ചിറ്റാര്‍ പോലീസിന് അയച്ചു കിട്ടിയതിന്റെ അടിസ്ഥാനത്തില്‍, വീട്ടിലെത്തി അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.എ എസ് ഐ സുഷമ കൊച്ചുമ്മനാണ് മൊഴി എടുത്തത്. തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജഗോപാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണ ആരംഭിച്ചു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 11 ന് രാത്രി 8.30 ന് പ്രതിയെ പത്തനംതിട്ട നിന്നും പിടികൂടി. ചിറ്റാര്‍ സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ വാട്‌സ്ആപ്പിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം 12 ന് രാവിലെ 10 ന് അറസ്റ്റ് രേഖപ്പെടുത്തി.

കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയനാക്കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *