മലയാലപ്പുഴ ക്ഷേത്രത്തിൽ സ്വർണ്ണമാല മോഷണം ; രണ്ടു നാടോടി സ്ത്രീകൾ പിടിയിലായി

Crime
Print Friendly, PDF & Email

പത്തനംതിട്ട – മലയാലപ്പുഴ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണ്ണമാല കവർന്ന, നിരവധി പിടിച്ചുപറി കേസുകളിലെ പ്രതികളായ രണ്ട് നാടോടി സ്ത്രീകളെ മലയാലപ്പുഴ പോലീസ് ദിവസങ്ങൾക്കകം പിടികൂടി. തമിഴ്‌നാട് വെള്ളാച്ചി പള്ളിവാസൽ കോട്ടൂർ ഡോർ നമ്പർ 75 ൽ ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്‌നാട് രാജപാളയം തെൻഡ്രൽ നഗർ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാൾ(42) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് രാവിലെ എട്ടരയ്ക്കും 9 നുമിടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് സംഘം വീട്ടമ്മയുടെ മാല പറിച്ചത്. പത്തനംതിട്ട തോന്നിയമല പട്ടംതറ കിഴക്കേക്കര വീട്ടിൽ സുധാ ശശിയുടെ മൂന്നു ഗ്രാം ഉള്ള താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്റെ മാലയാണ് നഷ്ടമായത്. 3,15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അന്ന് തന്നെ വീട്ടമ്മ മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ് സി പി ഓ അജിത് പ്രസാദ് മൊഴി രേഖപ്പെടുത്തി, എസ് ഐ വി എസ് കിരൺ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളെന്നു സംശയിക്കുന്ന 3 സ്ത്രീകൾ വീട്ടമ്മയുടെ മുന്നിലും പിന്നിലുമായി നിൽക്കുന്നത് കണ്ടു. തുടർന്ന് ഇതിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നീങ്ങി. പ്രതികളിൽ ഒരാളായ രതി, മധു, അനു എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ത്രീക്ക് സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും, അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

മറ്റു രണ്ടു മോഷ്ടാക്കളെ തേടിയുള്ള അന്വേഷണത്തിൽ, സംഭവശേഷം പാലക്കാട് തമിഴ്‌നാട് അതിർത്തി സ്ഥലങ്ങളിൽ ഈ സ്ത്രീകൾ തങ്ങുന്നതായി വിവരം ലഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘം അവിടെയെത്തി വിശദമായ അന്വേഷണം നടത്തി. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ കൃത്യം നടന്ന സമയത്തെ പ്രതികളായി സംശയിക്കുന്നവരുടെ രൂപസാദൃശ്യമുള്ള ഒന്നാം പ്രതി ജൂലിയെ തമിഴ്‌നാട് പൊള്ളാച്ചി കോട്ടൂർ വച്ചും, രണ്ടാം പ്രതി ജക്കമ്മാളെ പാലക്കാട് ചിറ്റൂർ അഞ്ചാംമൈൽ വച്ചും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജക്കമ്മാളെ റെനോൾട് ഇനത്തിൽ പെട്ട കാറുമായാണ് പിടികൂടിയത്. കാർ ഉൾപ്പെടെ പ്രതികളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കി. മോഷണം നടത്തി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയതാണ് കാർ എന്ന് സംശയം തോന്നിയതിനാൽ പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കാനായി ബന്തവസ്സിലെടുത്തു. വനിതാ പോലീസ് ഉദ്യോഗസ്ഥരായ സുബി, ശ്രീദേവി എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ദേഹപരിശോധന നടത്തി, മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. എന്നാൽ മോഷണ മുതലകൾ കണ്ടെത്താനായില്ല.

പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വർണം, ജയിലിൽ കഴിയുന്ന രതി എന്നും മധു എന്നും അനു എന്നും അറിയപ്പെടുന്ന സ്ത്രീ മുഖേന വിറ്റതായും, കിട്ടിയ പണം മൂവരും പങ്കു വച്ചതായും സമ്മതിച്ചു. ഇവരുടെയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിലൂടെയും സാക്ഷികളെയും കാണിച്ചും പ്രതികളെ തിരിച്ചറിഞ്ഞു. ഇവിടുത്തെ മോഷണത്തിന് ശേഷം തൊട്ടടുത്ത ദിവസങ്ങളിൽ മുണ്ടക്കയം ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന സമാന കുറ്റകൃത്യങ്ങളിലെ ഇവരുടെ പങ്കിനെപ്പറ്റി മലയാലപ്പുഴ പോലീസ് അന്വേഷണം നടത്തുകയാണ്.

ഭക്തജനത്തിരക്കുള്ള ഞായറാഴ്ച ദർശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിനുള്ളിൽ കയറി ഭക്തരുടെ വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷണം നടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ എത്തിയതെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഇവരെ സംബന്ധിച്ച അന്വേഷണം പോലീസ് വ്യാപകമാക്കിയിട്ടുണ്ട്. ഒന്നാംപ്രതി തൃത്താല, വടക്കാഞ്ചേരി, നെന്മാറ പോലീസ് സ്റ്റേഷനുകളിലും, രണ്ടാം പ്രതി പാലാരിവട്ടം കൊടുങ്ങല്ലൂർ പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വഞ്ചിയൂർ സ്റ്റേഷനിലെ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്നാം പ്രതിയെ ജയിലിലെത്തി ഫോർമൽ അറസ്റ്റ് ചെയ്യേണ്ടതും, കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതും, മോഷ്ടിച്ച മാല കണ്ടെത്തേണ്ടതുമായുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി എസ് അഷാദിന്റെ മേൽനോട്ടത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ കെ എസ് വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ വിഎസ് കിരൺ, ബി പ്രസന്നൻ പിള്ള, ഗ്രേഡ് എസ് ഐ എ പി അജികുമാർ, എസ് സി പി ഓ അജിത് പ്രസാദ്, സിപിഓ മാരായ ജ്യോതിഷ് കുമാർ, ഡി അമൽരാജ്, എസ് അനിൽ, ആർ അർജുൻ, ആർ അരുൺ രാജ്, ആർ വിഷ്ണുരാജ്, എം പ്രിയേഷ്, കെ ആർ പ്രബീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *