പത്തനംതിട്ട – മദ്യവും മയക്കുമരുന്നുമുൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ പ്രതിരോധ ശബ്ദമായി കലയെ മാറ്റി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ നാടകം. ശബരിമല ഇടത്താവളത്തിൽ നടക്കുന്ന ‘എന്റെ കേരളം’ മേളയിലാണ് ലഹരിക്കെതിരെ ‘അമ്മ അറിയാതെ’, ‘കൗമാരം’ എന്നീ നാടകം അരങ്ങേറിയത്. മഹാകവി ഇടശേരിയുടെ പൂതപാട്ടിനെ ആസ്പദമാക്കി ഹരിഹരൻ ഉണ്ണിയുടെ സംവിധാനത്തിലാണ് ‘അമ്മ അറിയാതെ’ അണിയിച്ചൊരുക്കിയത്.

നാളെയുടെ പ്രതീക്ഷയാകേണ്ട പുതുതലമുറ ലഹരിക്കടിമപ്പെട്ട് വഴിതെറ്റുന്ന കഥയാണ് നാടകം പങ്കുവച്ചത്. വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ തകർക്കുന്ന ലഹരിയുടെ വഴിയെ സഞ്ചരിക്കരുതെന്ന സന്ദേശം നാടകത്തിലൂടെ പകർന്നു. ജീവിതത്തിൽ ലഹരി വസ്തുവിന്റെ സാന്നിദ്ധ്യം ദുരന്തമാകുന്ന ദൃശ്യാവിഷ്കാരമായിരുന്നു വേദിയിൽ അവതരിപ്പിച്ചത്. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ സമകാലീന സാമൂഹ്യ യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ തുറന്നു കാണിച്ച ബോധവൽക്കരണ നാടകം കാണികളെയും ത്രസിപ്പിച്ചു. കിടങ്ങന്നൂർ എസ് വി ബി എച്ച് എസിലെ വിദ്യാർഥികളാണ് നാടകത്തിൽ അഭിനയിച്ചത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ആർ അജയകുമാർ നാടകം ഫ്ളാഗ് ഓഫ് ചെയ്തു. കൂടുതൽ വേദികളിൽ കുട്ടികൾക്ക് അഭിനയിക്കാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണൽ എസ് സനിൽ പങ്കെടുത്തു.

ലഹരി വർജന ബോധവൽക്കരണ നാടകമായി ‘കൗമാര’വും മേളയിൽ അരങ്ങേറി. എസ് മധു രചനയും സംവിധാനവും ചെയ്ത കാക്കാരിശ്ശി നാടകം ‘കൗമാരം’ ലഹരിയുടെ പിടിയിൽ നിന്നും യുവത്വത്തെയും ഭാവി തലമുറയെയും പൂർണമായും മോചിപ്പിക്കുന്നതിനുള്ള ബോധവൽകരണം നൽകി. ചടുലമായ ഗാനവും ഊർജസ്വലമായ നൃത്തങ്ങളുമായി കാക്കാരിശ്ശി നാടകം കാണികളിലേക്ക് അറിവ് പകർന്നു. സംഗീതവും നൃത്തവും അഭിനയവുമെല്ലാം കോർത്തിണക്കിയ ‘കൗമാരം’ പ്രായഭേദമന്യേ ഏവരെയും ആകർഷിച്ചു. ചമഞ്ഞൊരുങ്ങിയ കലാകാരന്മാർ കഥാപാത്രങ്ങളായി ജീവിക്കാൻ തുടങ്ങിയതോടെ കാണികൾ സ്വയം മറന്നു. സമകാലിക സംഭവങ്ങളെ കോർത്തിണക്കി നർമഭാവത്തിലുള്ള അവതരണ ശൈലിയും നിത്യജീവിതത്തിലെ സന്ദർഭം വിഷയമാക്കിയതും ‘കൗമാരം’ ജനപ്രീതി നേടി. ഫ്ളാഷ് മോബും വേദിയിൽ അരങ്ങേറി.


