കുന്നിക്കുഴി ജംഗ്‌ഷന്‌ സമീപം പ്ലസ്ടു വിദ്യാർത്ഥി മരിച്ച വാഹനാപകടം : സിപിഎം ഇടപെട്ട് അട്ടിമറിച്ചുവെന്ന് പിതാവ് :

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ, കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദമെന്ന ആരോപണവുമായി പിതാവ് രംഗത്ത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 31 ന് രാത്രി ഏഴിന് പന്തളം -മാവേലിക്കര റോഡിൽ കുന്നിക്കുഴി ജങ്ഷനു സമീപം സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മരിച്ച ലിനിലി (17) ന്റെ പിതാവ്, മങ്ങാരം പ്ലാന്തോട്ടത്തിൽ പി.ജി. സുനിയും അപകട സമയം ഒപ്പമുണ്ടായിരുന്ന ബന്ധു ആരോമലുമാണ് ആരോപണം ഉന്നയിച്ച് വാർത്താ സമ്മേളനം നടത്തിയത്. അപകടം ഉണ്ടയ സമയത്ത് ആരോമലാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഇരുവരും പറഞ്ഞു. എന്നാൽ, മരണപ്പെട്ട ലിനിൽ ആണ് വാഹനം ഓടിച്ചതെന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നുമാണ് ആരോപണം.

സ്‌കൂട്ടറിൽ ഇടിച്ച ജീപ്പ് ഓടിച്ചിരുന്നത് പ്രാദേശിക സി.പി.എം നേതാവിന്റെ ബന്ധുവാണെന്നും ഇതിനാലാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കേസിന്റെ എഫ്.ഐ.ആർ നൽകാൻ ആദ്യഘട്ടത്തിൽ പോലീസ് തയ്യാറായില്ല. പരാതി നൽകിയതോടെയാണ് ഇത് ലഭിച്ചത്. സംഭവ സ്ഥലത്തില്ലാത്തവരെ സാക്ഷികളാക്കുകയാണ് പോലീസ് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങളിലും അന്വേഷണം വേണം. അപകടത്തിൽ അയൽവാസിയും ബന്ധുവുമായ ആരോമലിനും പരുക്കേറ്റിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്നത് ആരോമലാണെന്ന് തെളിവുകളും മൊഴിയും ഉണ്ടായിരുന്നു. ഇതൊക്കെ അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമം. തുടക്കം മുതൽ പന്തളം പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുനി പറഞ്ഞു. ലോക്കൽ പോലീസിനെ ഒഴിവാക്കി അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കൊല്ലം സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് അന്വേഷണം നടത്തിയത്. രണ്ടാഴ്ച മുമ്പ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് ആരോമലിനോട് പോലീസ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സുനിയും ആരോമലും പറഞ്ഞു.

അതേ സമയം, ഇവരുടെ ആരോപണം ക്രൈംബ്രാഞ്ച് നിഷേധിച്ചു. ആരോമലിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കുകയാണ് ചെയ്തത്. ഇതു മുഴുവൻ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. അപകട സമയത്ത് വാഹനം ഓടിച്ചത് താനാണെന്ന് ആരോമൽ സമ്മതിക്കുകയും എഴുതി ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *