കൊച്ചി: കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ നടക്കും. കൊച്ചി ഇടപ്പള്ളി സ്വദേശിയാണ് ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയോടെ വീട്ടിലെത്തിച്ചു. രാവിലെ ഒമ്പത് മണി വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം ഉണ്ടായിരുന്നു.
ഉച്ചയോടെയാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക. ഭാര്യക്കും മകൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് അവധി ആഘോഷിക്കാൻ പോയത്. ദുബായിൽ നിന്ന് മകൾ ആരതി എത്തിയതിന് പിന്നാലെയായിരുന്നു കാശ്മീർ യാത്ര. മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ചെറിയ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചതെന്നും ആരതി പറഞ്ഞിരുന്നു.
ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കിയിരുന്നു.

രാമചന്ദ്രന്റെ മുമ്പ് പറഞ്ഞിരുന്ന ആഗ്രഹപ്രകാരം, ഭാര്യ ഷീലയുടെയും മകൾ ആരതിയും നിദ്ദേശിച്ചതനുസരിച്ച് “പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ” എന്ന ദേശഭക്തിഗാനം എല്ലാവരും ചേർന്ന് ആലപിച്ചപ്പോൾ ദേശസ്നേഹത്താൽ വികാരനിർഭരമായി അന്തരീക്ഷം. ഗാനം തീർന്നപ്പോഴേക്കും ഉച്ചത്തിൽ വിളിച്ച ഭാരത് മാതാ കി ജയ് എന്നുള്ള കുടുംബാംഗങ്ങളുടെ വിളികൾക്കൊപ്പം ആർത്തലച്ചാണ് അവിടെ നിന്നവർ രാജ്യത്തിനു ജയ് വിളിച്ചത്. കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി, മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ അടക്കമുള്ള സംഘപരിവാർ നേതൃത്വം മുഴുവൻ സംസ്കാര ചടങ്ങുകളിൽ സജീവമായിരുന്നു.


