അടൂർ – ഓണത്തിന് പൂക്കള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏഴംകുളം പഞ്ചായത്തില്‍ ചെണ്ടുമല്ലിക്കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ തൈകള്‍ നട്ട് പൂ കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്പെടുത്തിയ പൂ കൃഷിക്ക് ഏനാത്ത് വാര്‍ഡിലാണ് തുടക്കം കുറിച്ചത്. ഏഴംകുളം കൃഷിഭവന്റ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളിലായി അഞ്ച് ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടത്തുന്നത്. വലിയ പൂക്കളുള്ള ആഫ്രിക്കന്‍ മാരിഗോള്‍ഡ് ഇനത്തില്‍ പെട്ട തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ഓണക്കാലത്തേക്ക് ഒരു ഹെക്റ്ററില്‍ നിന്നും 5000കിലോ പൂക്കളുടെ വിളവാണ്് കൃഷിയിലൂടെ പ്രതീക്ഷിക്കുന്നത്. ചെണ്ടുമല്ലി കൃഷി ഏറ്റെടുത്ത് നടത്തുന്നത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ്. ജനപ്രതിനിധികളായ വിനോദ് തുണ്ടത്തില്‍, ഷീബ അനി, കൃഷി ഓഫീസര്‍ കെ .ആര് ചിത്ര, കൃഷി അസിസ്റ്റന്റ് ആര്. ശ്രീലേഖ, തുടങ്ങിയവര്‍ പങ്കെടുത്തു.


