കേരളാ പോലീസിനെ വട്ടം കറക്കി സുകുമാരക്കുറുപ്പ് നേടിയ വിജയം !!

Crime Kerala

തിരുവനന്തപുരം: നാലര പതിറ്റാണ്ട് കാലം കേരള പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും ഒന്നാകെ കുഴക്കിയ, സമർത്ഥനായ ഒരു കുറ്റവാളി രാജ്യത്തിന്റെ നിയമവ്യവസ്ഥയെയും അന്വേഷണ ഏജൻസികളെയും ഒരുപോലെ തോൽപ്പിച്ച കഥയ്ക്ക് ഒടുവിൽ തിരശ്ശീല വീഴുന്നു. ‘സുകുമാരക്കുറുപ്പ് ഹൃദ്രോഗം വന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ മരിച്ചിരിക്കാം’ എന്ന വെറും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ, അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതോടെ ജയിച്ചു കയറിയത് മറ്റാരുമല്ല- സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി തന്നെയാണ്.

വർഷങ്ങളോളം ഫയലുകളിൽ പൊടിപിടിച്ചു കിടന്ന കേസ് തീർപ്പാക്കുന്നതിന്റെ ഭാഗമായി, രണ്ടു മാസം മുൻപാണ് ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം വീണ്ടും പുനരാരംഭിച്ചത്. എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൃത്യമായ ഒരു തെളിവുപോലും കണ്ടെത്താൻ കഴിയാതെ, വെറും സങ്കൽപ്പങ്ങളുടെയും ഊഹങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ ആലപ്പുഴ സ്വദേശിയുമായ രത്‌നമ്മ എന്ന നഴ്‌സ് കുറുപ്പിനെ കണ്ടുവെന്ന് അവകാശപ്പെടുന്ന മൊഴിയാണ് ഈ ഊഹാപോഹത്തിന് അടിസ്ഥാനമായി ക്രൈംബ്രാഞ്ച് ഉയർത്തിക്കാട്ടുന്നത്. രത്‌നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഏകദേശം 40 വയസ്സുള്ളപ്പോൾ കുറുപ്പ് ഹൃദ്രോഗത്തെ തുടർന്ന് ഐ.സി.യുവിൽ ചികിത്സയിലായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

അന്ന് കടുത്ത ഹൃദ്രോഗിയായിരുന്ന കുറുപ്പ് പിന്നീട് ഇങ്ങോട്ടുള്ള നാല് പതിറ്റാണ്ട് ജീവിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന തികച്ചും വ്യക്തിപരമായ വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് എത്തിച്ചേർന്നിരിക്കുന്നത്. സുകുമാരക്കുറുപ്പ് മരിച്ചുവെന്ന് തെളിയിക്കുന്ന മരണ സർട്ടിഫിക്കറ്റോ, കൃത്യമായ തെളിവുകളോ ശാസ്ത്രീയമായ മറ്റ് കണ്ടെത്തലുകളോ ഇല്ലാതെയാണ് അന്വേഷണസംഘം കേസ് ക്ലോസ് ചെയ്യുന്നത്.

കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള ഉറ്റ ബന്ധുക്കളെ കേന്ദ്രീകരിച്ച് അടുത്തിടെ നടത്തിയ അന്വേഷണത്തിലും അവർക്ക് കുറുപ്പുമായി നിലവിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായിരുന്നു. മരണപ്പെട്ടു എന്ന് ഉറപ്പിക്കുന്ന ഒരു രേഖയും കൈവശമില്ലെങ്കിലും ‘ഇനി ജീവിച്ചിരിക്കാൻ വഴയില്ല’ എന്ന നിഗമനത്തിൽ കുറുപ്പ് ജീവനോടെയില്ലെന്ന് ഉറപ്പിക്കുകയാണ് പോലീസ്.

മാവേലിക്കര കോടതിയിലെ ലോങ് പെൻഡിംഗ് (Long Pending) കേസ് ലിസ്റ്റിലുള്ള ഈ അപൂർവ്വ കേസ്, അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകുന്നതോടെ കോടതി രേഖകളിൽ നിന്നും ഔദ്യോഗികമായി ഇല്ലാതാകും. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻ വീട്ടിൽ ശിവരാമ കുറുപ്പിന്റെ മകൻ ഗോപാലകൃഷ്ണ കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ഇതിലൂടെ നിയമത്തിന് എന്നെന്നേക്കുമായി പിടികൊടുക്കാത്ത കഥാപാത്രമായി മാറും.

1984 ജനുവരി 22-നാണ് കേരളത്തെയും ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തെയും നടുക്കിയ ആ ക്രൂരകൃത്യം നടക്കുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സുകുമാരക്കുറുപ്പ് തന്റെ പേരിലുള്ള എട്ട് ലക്ഷത്തോളം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ താൻ മരിച്ചുവെന്ന് വരുത്തിതീർക്കാൻ പദ്ധതിയിടുകയായിരുന്നു.

ഇതിനായി സ്വന്തം രൂപസാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിൽ കയറ്റി, മദ്യം നൽകി ബോധം കെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം സ്വന്തം കാറിലിട്ട് തീക്കൊളുത്തി കുറുപ്പ് മരിച്ചതാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം. എന്നാൽ വിരലടയാളങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ച് പോലീസ് യഥാർത്ഥ പ്രതി കുറുപ്പാണെന്ന് വേഗത്തിൽ കണ്ടെത്തി.

തുടർന്ന് കേസിലെ കൂട്ടാളികളായ ഭാസ്‌കരപിള്ള ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും, പ്രധാന സൂത്രധാരനായ സുകുമാരക്കുറുപ്പ് അന്തരീക്ഷത്തിൽ അലിഞ്ഞുപോയതുപോലെ അപ്രത്യക്ഷനായി. അന്നത്തെ ലോക്കൽ പോലീസും പിന്നീട് വന്ന അതിസമർത്ഥരായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പടിച്ച പണി പതിനെട്ടും നോക്കിയിട്ടും കുറുപ്പിന്റെ ഒരു തരിമ്പുപോലും കണ്ടെത്താൻ സാധിച്ചില്ല.

വടക്കേ ഇന്ത്യയിലെ സ്വാമിയായും ഗൾഫിലെ വ്യാപാരിയായും നേപ്പാൾ അതിർത്തിയിലെ ഒളിത്താവളങ്ങളിലുമെല്ലാം കുറുപ്പുണ്ടെന്ന തരത്തിൽ ആയിരക്കണക്കിന് അഭ്യൂഹങ്ങളാണ് കഴിഞ്ഞ 42 വർഷത്തിനിടെ ഉയർന്നുവന്നത്. പലയിടങ്ങളിലും പോലീസും ക്രൈംബ്രാഞ്ചും പാഞ്ഞെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ഇപ്പോൾ നാല് പതിറ്റാണ്ടിനു ശേഷം ‘അയാൾ ഹൃദ്രോഗിയായിരുന്നു, അതുകൊണ്ട് മരിച്ചിട്ടുണ്ടാകും’ എന്ന ലളിതമായ ന്യായീകരണം പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുമ്പോൾ, അതൊരു തോൽവി സമ്മതിക്കലാണ്. കുറ്റവാളിയെ ജീവനോടെയോ അല്ലാതെയോ നിയമത്തിന് മുന്നിൽ ഹാജരാക്കാൻ കഴിയാതെ പോകുന്നത് പോലീസിന്റെ ചരിത്രത്തിലെ വലിയൊരു പോരായ്മയായി വിലയിരുത്തപ്പെടും.

താൻ ചെയ്ത ക്രൂരമായ കൊലപാതകത്തിന് ഒടുവിൽ നിയമത്തിന്റെ ശിക്ഷ ഏറ്റുവാങ്ങാതെ, പോലീസിന്റെ കണ്ണുവെട്ടിച്ച് എന്നെന്നേക്കുമായി രക്ഷപ്പെടാൻ കഴിഞ്ഞു എന്നതിൽ കുറുപ്പ് എന്ന കുറ്റവാളി വിജയിക്കുക തന്നെയാണ് ചെയ്തത്. തെളിവുകളില്ലാത്ത ഈ മരണം സ്ഥിരീകരിക്കൽ, മലയാളിയുടെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ അജ്ഞാത സമസ്യയായി സുകുമാരക്കുറുപ്പിനെ മാറ്റിനിർത്തും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *