കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ പൊലീസുകാർക്ക് നേരെ മദ്യലഹരിയിൽ നേപ്പാൾ യുവതിയുടെ ക്രൂരമർദ്ദനം. എസ്ഐയുടെ മൂക്കിടിച്ച് തകർത്തു. നാല് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ പുലർച്ചെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം. നേപ്പാൾ സ്വദേശി ഗീതയെയും പുരുഷ സുഹൃത്തിനെയുമാണ് പൊലീസുകാർ കസ്റ്റഡിയിലെടുത്തത്.
അയ്യമ്പുഴയുടെ ചില ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ ലഹരിമാഫിയ സംഘം അഴിഞ്ഞാടുന്നുവെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനക്കിടെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ എസ് ഐയും ഡ്രൈവറും അടങ്ങുന്ന സംഘം ജീപ്പിൽ അയ്യമ്പുഴയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായി റോഡരികിൽ ബൈക്ക് നിർത്തിയത് ശ്രദ്ധയിൽപ്പെട്ടത്. നേപ്പാൾ സ്വദേശിനിയും ആൺസുഹൃത്തുമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇവരോട് കാര്യങ്ങൾ തിരക്കുകയായിരുന്നു. എന്നാൽ ഇതിൽ വ്യക്തതയില്ലാത്തതിനാൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ യുവതി പൊലീസിന് നേരെ തിരിഞ്ഞു. എസ്ഐയുടെ മൂക്കിനിടിക്കുകയും മറ്റു പൊലീസുകാരെ കടിക്കുകയും മാന്തുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ചോദ്യം ചെയ്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.


