പ്രാദേശിക ചരിത്രത്തിനും പ്രാധാന്യമെന്ന് മന്ത്രി എം.ബി രാജേഷ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പ്രാദേശിക ചരിത്രത്തിനും പ്രാധാന്യം കൽപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജില്ലയുടെ സാമൂഹ്യ -സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തിയ ‘ജില്ലാ വിജ്ഞാനിയം’പുസ്തകം റോയൽ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം . സാധാരണക്കാരും അവരുടെ പോരാട്ടവും ചരിത്രനിർമിതിയിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രതിസന്ധി നേരിടാനും മുന്നേറ്റത്തിനുള്ള ഊർജവും ചരിത്ര അറിവിലൂടെ സമൂഹം നേടും. വിപ്ലവങ്ങളിലൂടെയും സമരങ്ങളിലൂടെയും ആർജിച്ച സമത്വം, സഹോദര്യം, നീതി ആശയങ്ങൾ മെച്ചപ്പെട്ട സാമൂഹിക ക്രമത്തിലേക്ക് നയിച്ചുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ജില്ലാ ചരിത്രഗ്രന്ഥം തയ്യാറാക്കുന്നത്. സാഹിത്യകാരൻ ഡോ.എഴുമറ്റൂർ രാജരാജ വർമയ്ക്ക് മന്ത്രി പുസ്തകം കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ വിജ്ഞാനീയം ചീഫ് എഡിറ്ററുമായ അഡ്വ. ഓമല്ലൂർ ശങ്കരൻ പുസ്തകം പരിചയപ്പെടുത്തി. ജില്ലയിലെ സാമൂഹ്യ മാറ്റങ്ങൾ, സാംസ്‌കാരിക രംഗത്തെ സവിശേഷതകൾ, സംഭവങ്ങൾ എന്നിവയെപ്പറ്റി സൂക്ഷ്മപഠനം നടത്തിയാണ് ഗ്രന്ഥം തയ്യാറാക്കിയത്. ചരിത്രം, രാഷ്ട്രീയം, മതം, അധ്യാത്മികത, നവോഥാനം, സംസ്‌കാരം, സാഹിത്യം, കല, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം, കായികം എന്നീ ശീർഷകങ്ങളിലായി ജില്ലയെ സംബന്ധിക്കുന്ന സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. റ്റി.സക്കീർ ഹുസൈൻ, മുൻ എം എൽ എ രാജു ഏബ്രഹാം, ഡോ.അലക്‌സാണ്ടർ ജേക്കബ്, പ്രൊഫ.കടമ്മനിട്ട വാസുദേവൻ നായർ , ജില്ലാ -ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *