പന്തളം – വേനലവധി ആഘോഷിക്കാൻ സജ്ജീകരണം ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്തിലെ കുട്ടികളുടെ പാർക്ക്. കളിച്ചു രസിക്കാൻ വിവിധ കളി ഉപകരണങ്ങൾ ഇവിടെയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് പാർക്ക്. ദിവസവും വൈകിട്ട് 3.30 മുതൽ 6.30 വരെയാണ് പ്രവർത്തനം. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജന്റെ നേതൃത്വത്തിലാണ് പാർക്ക് സാക്ഷാത്കരിച്ചത്. ബ്ലോക്ക് കാര്യാലയത്തിന്റെ മുന്നിൽ ഉപയോഗശൂന്യമായി കിടന്ന സ്ഥലം വൃത്തിയാക്കിയാണ് പാർക്ക് ഒരുക്കിയത്. മതിലിലെ ചിത്രങ്ങളുടെ ദൃശ്യഭംഗി പാർക്കിന്റെ മാറ്റ് കൂട്ടുന്നു. സീസോ, ഊഞ്ഞാൽ, സ്ലൈഡുകൾ തുടങ്ങി കുട്ടികൾക്ക് ഓടി കളിക്കാനുള്ള സ്ഥലവുമുണ്ട്.

12 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പാർക്കിൽ ഇരിക്കാനുളള സൗകര്യം, ശൗചാലയം, സി സി ടി വി എന്നിവ ക്രമീകരിച്ചിരിക്കുന്നു. ഭിന്നശേഷി സൗഹൃദമാണ് പാർക്ക്. സമീപത്തെ അങ്കണവാടി, സ്‌കൂളുകളിൽ നിന്നും നിരവധി കുട്ടികൾ പാർക്കിലെത്തുന്നു. മുതിർന്നവർക്കും വിശ്രമിക്കാൻ സൗകര്യമുണ്ട്. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക, വൈകാരിക സാമൂഹിക വികസനത്തിന് ഇത്തരത്തിലുള്ള കളിസ്ഥലങ്ങൾ വലിയ പങ്കു വഹിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ്മോൻ പറഞ്ഞു. പാർക്കിനടുത്തായി കുടുംബശ്രീയുമായി ചേർന്ന് കിയോസ്‌ക് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ബ്ലോക്ക് പഞ്ചായത്തിനെ ശിശു -ഭിന്നശേഷി -വയോജന സൗഹൃദമാക്കുന്നതിന് ഒരോ സാമ്പത്തിക വർഷവും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.


