ഔഷധ തണലിൽ ഇത്തിരി നേരം ; വായനയുടെ വാതായനം തുറന്ന് നെടുമ്പ്രം പഞ്ചായത്ത്

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – വായനയുടെ ലോകത്തേക്ക് ക്ഷണിച്ച് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. നെടുമ്പ്രം ആയുർവേദ ഡിസ്‌പെൻസറിക്ക് സമീപം നട്ടു വളർത്തിയ നക്ഷത്രവന മരത്തണലിൽ വായന ആസ്വദിക്കാം. ഔഷധതണൽ എന്ന പേരിൽ 400 ൽ അധികം പുസ്തകങ്ങളും ആനുകാലികങ്ങളും ഒരുക്കിയിരിക്കുന്നു. ഏത് പ്രായക്കാർക്കും അനുയോജ്യമായ പുസ്തകങ്ങളുണ്ട്. വായിക്കാനായി ഇരിപ്പിടങ്ങളും തയ്യാർ. ആരോഗ്യകേന്ദ്രത്തിലും കടപ്ര രജിസ്ട്രാർ കാര്യാലയത്തിലും എത്തുന്നവർ വായനായിടം ഉപയോഗിക്കുന്നു.പുസ്തകക്കൂട്ട് കാമ്പയിന്റെ ഭാഗമായാണ് പദ്ധതി.


പഞ്ചായത്തിലെ കിടപ്പു രോഗികൾക്കും കുടുംബാംഗങ്ങൾക്കും പുസ്തകങ്ങൾ വീടുകളിൽ എത്തിക്കും. ആശാ പ്രവർത്തകർ, പാലിയേറ്റീവ് കെയർ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ മുഖേനയാണിത്. വായനയ്ക്ക് ശേഷം പുസ്തകം തിരികെ എത്തിക്കുന്നതും ഇവർ തന്നെ. ആരോഗ്യകേന്ദ്രത്തിന് സമീപമുള്ള ടേക്ക് എ ബ്രേക്ക്, ജനകീയ ഹോട്ടൽ എന്നിവിടങ്ങളിലെ ജീവനകാർക്കും ഔഷധതണൽ അറിവ് പകരുന്നു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള ഹാപ്പിനെസ്സ് പാർക്ക് അവസാന ഘട്ടത്തിലാണ്. ആവശ്യമായ പുസ്തകങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിലിൽ നിന്നാണ് ശേഖരിച്ചത്. പുസ്തകത്തിന്റെ എണ്ണം കൂട്ടാനുളള ശ്രമത്തിലാണ് പഞ്ചായത്ത്. ലൈബ്രറിയുടെ വിപുലീകരണവും ലക്ഷ്യമിടുന്നു. പുസ്തകങ്ങൾ സൂക്ഷിക്കാനായി അലമാരകളുൾപ്പടെ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *