ആശങ്കപ്പെടേണ്ടതില്ല ; വൻകുടലിൽ അർബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി വിശ്രമത്തിൽ

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി: ഓൺലൈൻ മാധ്യമങ്ങളെ ‘സൈബർ ആക്രമണത്തിന്’ വിധേയരാക്കുന്നവർ അറിയാൻ “പ്രമുഖ” പത്രം ദീപികയാണ്.
ദീപിക പത്രം പ്രാധാന്യത്തോടെ ഓൺലൈനിലും ഈ വാർത്ത നൽകുന്നു. വൻകുടലിൽ അർബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി വിശ്രമത്തിൽ എന്നാണ് ദീപികയുടെ വാർത്ത. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ ഈയാഴ്ച അദ്ദേഹം ചികിത്സയ്ക്കു വിധേയനാകും. അഞ്ചു ദിവസത്തെ പ്രോട്ടോൺ തെറാപ്പിയാണ് നടത്തുന്നത്. അതിനായി നാളെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും ദീപിക പറയുന്നു. മമ്മൂട്ടിയുടെ അസുഖത്തിൽ ആശങ്കപ്പെടാനില്ലെന്നും രോഗ കാരണമെന്തെന്നും പുറത്തു വിട്ടത് ഓൺലൈൻ മാധ്യമങ്ങളാണ്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ഫാൻസ് ചില മറു പ്രചരണവുമായി എത്തി. ഓൺലൈൻ മാധ്യമങ്ങളെ പരിഹസിക്കുന്ന രീതിയിലാരുന്നു അത്.

എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നേരത്തേതന്നെ രോഗനിർണയം നടന്നതിനാൽ പ്രാഥമിക ചികിത്സകൊണ്ട് നടന് പൂർണ ആരോഗ്യവാനായി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. താരം ഇപ്പോൾ ചെന്നൈയിലെ വസതിയിലാണുള്ളത്. ഇവിടെനിന്നു ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ നിത്യവും പോയി മടങ്ങത്തക്കവിധമാണു ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ, ഭാര്യ അമൽ സൂഫിയ, മകൾ സുറുമി, മകളുടെ ഭർത്താവ് ഡോ. മുഹമ്മദ് റെഹാൻ സയിദ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടെന്നും ദീപിക പറയുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിച്ചുവരികയായിരുന്നു മമ്മൂട്ടി. മോഹൻലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയുമുൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്. ഇതിന്റെ ചിത്രീകരണത്തിൽനിന്ന് ഇടവേളയെടുത്താണ് ചികിത്സ. പ്രോട്ടോൺ തെറാപ്പി കഴിഞ്ഞ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്നും ദീപിക പറയുന്നു.

പ്രമുഖ പത്രത്തിന്റെ സ്ഥാനം ഇപ്പോൾ ദീപികക്കാണ്. സൈബർ ആക്രമണങ്ങൾ അങ്ങോട്ടും ആകാം ?

Leave a Reply

Your email address will not be published. Required fields are marked *