കൊച്ചി – വിദ്യാർത്ഥി ഹോസ്റ്റലിൽ ലഹരി വില്പനയെന്ന പരാതിയെത്തുടർന്ന് പരിശോധനക്കെത്തിയ പോലീസുകാർ ഇതെല്ലാം കണ്ടു ഞെട്ടി. അളന്ന് തൂക്കാനുപയോഗിക്കുന്ന ത്രാസ്, മദ്യ കുപ്പികൾ, സിഗരറ്റ്, കോണ്ടം എന്നിവയൊക്കെയാണ് വിദ്യാർഥികളുടെ മേശപ്പുറത്തും, അലമാരയിൽ നിന്നും കഞ്ചാവും പൊലീസിന് ലഭിച്ചത്. ഹോളി അഘോഷത്തിനായി യൂണിയൻ നേതാക്കൾ തന്നെ മുൻകൈ എടുത്ത് എത്തിച്ച കഞ്ചാവാണെന്നാണ് ലഭിക്കുന്ന വിവരം. കളമശേരി പോളി ടെക്നിക് ഹോസ്റ്റലിൽ നടത്തിയ പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് രണ്ടു കിലോ കഞ്ചാവാണ്. വലിയ പൊതികളിൽ സൂക്ഷിച്ച കഞ്ചാവ് ഹോസ്റ്റലിലെ മുറിയിലെ അലമാരയിൽ നിന്നാണ് കണ്ടെടുത്തത്. ഇതിനൊപ്പം ത്രാസും പൊലീസ് കണ്ടെത്തി. കഞ്ചാവ് വിതരണ കേന്ദ്രമായി ഹോസ്റ്റൽ റൂം മാറിയ കാഴ്ചയാണ് പൊലീസ് പരിശോധനയിൽ കണ്ടത്. മാറുന്ന കേരളത്തിലെ മാറുന്ന യുവത്വം ഇങ്ങനെയൊക്കെയോ ?
കളമശേരി എസിപിയുടെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫ് സംഘവും ഇന്നലെ രാത്രി 9.30 യിടെയാണ് ഹോസ്റ്റലിലെത്തി പരിശോധന ആരംഭിച്ചത്. 10.30 ക്ക് തുടങ്ങിയ പരിശോധന പുലർച്ചെ മൂന്ന് മണിവരെ നീണ്ടു. പെരിയാർ ഹോസ്റ്റലിൻറെ രണ്ട് മുറികളിൽ നിന്ന് രണ്ട് പാക്കറ്റിലായി കണ്ടെടുത്തത് 1.909 കിലോ കഞ്ചാവ്. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്നിന്ന് 1.9 കിലോ കഞ്ചാവും ആലപ്പുഴ സ്വദേശിയായ ആദിത്യന്, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽനിന്ന് ഒൻപത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. മൂന്ന് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മൂന്ന് ആൺകുട്ടികൾ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഹോസ്റ്റലിൽ പൊലീസ് എത്തിയ സമയം ചില രാഷ്ട്രീയ നേതാക്കൾ പരിശോധനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചു ലഹരി മാഫിയ വലിയ കച്ചവടമാണ് നടത്തുന്നത്. ഇതിനെല്ലാം പ്രാദേശികമോ, അല്ലാതെയോ ഉള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയും ഉണ്ടന്നത് തെളിയിക്കുന്നതായിരുന്നു ഇന്നലെ പരിശോധന തുടങ്ങിയപ്പോൾ ഉള്ള ചില നേതാക്കളുടെ പ്രതികരണം.
ഈ വിപത്തിനെ എങ്ങനെ കേരളം നേരിടും ?


