അടൂർ: ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കുടശനാട് പാലമേൽ പൂവണ്ണാംതടത്തിൽ അൻസറി(30) നെയാണ് ഡാൻസാഫ് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
2.300 കിലോകഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 2.30 ന് കെ.പി റോഡിൽ പഴകുളം പള്ളിമുക്കിൽ നിർത്തിയിട്ട ബൈക്കിന്റെ മുൻവശത്ത് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഡാൻസാഫ് ടീമിന് പുറമെ അടൂർ ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ, എസ്.ഐ
എം. മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മെയ്, ജൂൺ മാസങ്ങളിൽ അടൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടിയ മൂന്ന് കേസും എം.ഡി.എം.എ പിടികൂടിയ ഒരു കേസുമാണ് ഉള്ളത്. ചൂരക്കോട്ട് പോസ്റ്റ് ഓഫീസിൽ പാഴ്‌സലായി വന്ന കഞ്ചാവും ഡാൻസാഫ് ടീം പിടികൂടിയിരുന്നു.


