കോന്നി – എൽഡിഎഫ് ഭരിക്കുന്ന ബാങ്കിൽ 11ലക്ഷം രൂപ നിക്ഷേപമുള്ള ആൾ പണം തിരികെച്ചോദിച്ചപ്പോൾ 50,000 രൂപ നൽകാമെന്നു പറഞ്ഞ റീജനൽ സർവീസ് സഹകരണ ബാങ്കിൽ (ആർസിബി) നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം നടന്നത് കഴിഞ്ഞ വർഷം. പയ്യനാമൺ താവളപ്പാറ ആനന്ദഭവനം പി.ആനന്ദനും കുടുംബവുമാണ് അന്ന് പ്രതിഷേധ സമരവുമായി ബാങ്കിനു മുൻപിൽ കുത്തിയിരിപ്പ് ആരംഭിച്ചത്. അതിനു ശേഷം കുറച്ചു പൈസ കൊടുത്ത് സമാധാനിപ്പിക്കുകയാണുണ്ടായത്. ഇന്നലെ വീണ്ടും വൈകിട്ട് പണമെടുക്കാൻ ബാങ്കിൽ ചെന്നപ്പോൾ അദ്ദേഹത്തെ അധിക്ഷേപിച്ചു ഇറക്കിവിട്ടു എന്ന് മകൾ പറഞ്ഞു. അതിനുശേഷം മദ്യത്തിൽ ഗുളികകൾ ചേർത്തു കഴിച്ചു ആത്മഹത്യാശ്രമം നടത്തിയ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവിധ ഘട്ടങ്ങളിലായി 11 ലക്ഷം രൂപയാണ് ആനന്ദൻ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. തുക പിൻവലിക്കാനായി വർഷങ്ങളോളമായി ബാങ്ക് കയറിയിറങ്ങുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. തുടർന്ന് മക്കളുടെ മുന്നിൽവെച്ച് പോലും അദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു ബാങ്ക് അധികൃതർ. നിക്ഷേപിച്ച പണം ചോദിക്കുമ്പോൾ അവരുടെ പണം ചോദിക്കുന്നത് പോലെയാണ് ബാങ്ക് ജീവനക്കാരുടെ പ്രതികരണമെന്ന് മകൾ പറഞ്ഞു. ഇന്നലെ ബാങ്കിൽ പോയി വന്നപ്പോൾ മുതൽ മൗനിയായിരുന്നു അച്ഛൻ എന്ന് മകൾ പറഞ്ഞു. പിന്നീട് അദ്ദേഹം ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.. ബാങ്ക് ജീവനക്കാർ മുമ്പ് ചാനലുകൾക്ക് മുമ്പിൽവെച്ച് പോലും ആനന്ദനെ മർദ്ദിക്കാൻ ശ്രമിച്ചിരുന്നു.
ചുമടെടുത്തും മറ്റു ജോലികൾ ചെയ്തും ആനന്ദൻ സ്വരൂപിച്ച തുകയും നേരത്തെയുണ്ടായിരുന്ന ജോലിയുടെ പെൻഷനും ഉൾപ്പെടെയാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും വീട് വയ്ക്കാനുള്ള ആവശ്യത്തിലേക്ക് തുക പിൻവലിക്കാനായി എത്തിയപ്പോഴാണ് ബാങ്കിൽ പണമില്ലെന്നും കിട്ടുന്ന മുറയ്ക്ക് നൽകാമെന്നുമുള്ള ബാങ്ക് അധികൃതരുടെ മറുപടി ഉണ്ടായതെന്നും മകൾ പറഞ്ഞു. ‘അച്ഛന് എന്ത് സംഭവിച്ചാലും കോന്നി സഹകരണ ബാങ്ക് ആണ് ഉത്തരവാദികൾ’ ; എന്ന് മകൾ പറഞ്ഞു.


