പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് മുൻ എംഎൽഎ എ. പത്മകുമാർ പിൻവലിച്ചു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വർഷത്തെ ബാക്കിപത്രം…ലാൽ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങൾ പിൻവലിച്ചെങ്കിലും പ്രൊഫൈൽ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് പത്മകുമാർ പിൻവലിച്ചത്.
വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാർ പരസ്യമാക്കിയത്. ഉച്ചഭക്ഷണത്തിന് പോലും നിൽക്കാതെയാണ് പത്മകുമാർ സമ്മേളന നഗരി വിട്ടത്. പാർലമെന്ററി രംഗത്തൂടെ പാർട്ടിയിലെത്തിയ വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പത്തനംതിട്ടയിലെ മറ്റു പല പ്രമുഖ നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.
അതേ സമയം, പത്മകുമാറിനെ ചാക്കിട്ടു പിടിക്കാൻ ബിജെപിയും കോൺഗ്രസും സജീവമായി രംഗത്തുണ്ട്. പത്മകുമാർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹമാണ് നിറയുന്നത്.


