പത്തനംതിട്ട – മലയാള സംഗീത രംഗത്ത് രവീന്ദ്രൻ മാഷ് ഒഴിച്ചിട്ട കസേര ഇന്നും ശൂന്യമാണ്. കുളത്തൂപ്പുഴ രവി എന്ന പേരിൽ പ്രശസ്തനായിരുന്ന പിന്നണിഗായകനു ബാബുരാജ് ആണ് ആദ്യമായി സിനിമാ പിന്നണി ഗായകനുള്ള അവസരം കൊടുത്തത്. മുപ്പതോളം സിനിമകളിൽ പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഗായകൻ എന്ന നിലയിൽ പിടിച്ചുനിൽക്കാനാകാതായപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 70കളിലെ നായകനായിരുന്ന രവികുമാറിനു വേണ്ടി ഭൂരിപക്ഷം സിനിമകളിലും ശബ്ദം നൽകിയത് രവീന്ദ്രൻ ആയിരുന്നു. അവിടെയും കാര്യമായി രക്ഷപ്പെടാത്ത അവസ്ഥയിൽ കഴിയുമ്പോഴാണ് രക്ഷകനായി അവതരിക്കുകയായിരുന്നു ഗാനഗന്ധർവ്വൻ യേശുദാസ്.
പ്രശസ്ത സംവിധായകൻ ശശികുമാറിന്റെ ചൂള എന്ന ചിത്രത്തിലേക്ക് യേശുദാസിന്റെ ശുപാർശ പ്രകാരം കുളത്തുപ്പുഴ രവി പേരുമാറ്റി രവീന്ദ്രൻ എന്ന പേരിൽ സംഗീത സംവിധായകനായി തുടക്കം കുറിച്ചു. സത്യൻ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളിൽ കണ്ണീരുമായി’ എന്ന് തുടങ്ങിയ ഗാനം അന്നത്തെ ഹിറ്റായി മാറി. രവീന്ദ്രൻ എന്ന സംഗീതസംവിധായകൻ മലയാള സിനിമ ലോകത്ത് രവീന്ദ്രസംഗീതം എന്ന പുത്തൻ പാന്ഥാവ് തന്നെ തുറക്കുന്നതിനാണ് പിന്നീട് കണ്ടത്. തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റിയ രവീന്ദ്രൻ മാഷിന്റെ സംഗീതം പ്രമദവനം വീണ്ടും, സുഖമോദേവി, ഹരിമുരളീരവം, കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ, ഏഴ് സ്വരങ്ങളും, രാമകഥ ഗാനലയം, കൂടാതെ ഒട്ടേറെ ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളുമൊക്കെയായി ആ നിര നീളുന്നു.
ക്ലാസിക് ഗാനങ്ങൾക്ക് ഈണം പകർന്ന മാഷ് തന്നെയാണ് മനോഹര മെലഡികളായ മകളെ പാതി മലരേ, കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ, മഞ്ഞക്കിളിയുടെ മുളിപ്പാട്ട്, ഒറ്റകമ്പി നാദം.. മാത്രം തുടങ്ങിയ ഗാനങ്ങളും ഉണ്ടാക്കിയത്. തരംഗിണിയുടെ ലൈളിതഗാന ആല്ബങ്ങൾക്കായി ഒരുക്കിയ മാമാങ്കം പല കുറി കൊണ്ടാടി, മാവ്പൂത്ത പൂവനങ്ങളിൽ.. സ്വയംപ്രഭേ.. തുടങ്ങിയവ കലോത്സവങ്ങളിൽ ഒട്ടേറെ മത്സരാർത്ഥികൾ പാടിയതും, മലയാളികൾ മൂളിനടന്നതുമായ പാട്ടുകളാണ്.. ദാസേട്ടന്റെ സംഗീതത്തിന് എന്തോ കുഴപ്പമുണ്ട് എന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്ന കാലഘട്ടത്തിൽ തന്റെ പ്രിയ സുഹൃത്തിന് ഒരു കുഴപ്പവുമില്ല എന്ന് തെളിയിക്കേണ്ടത് തന്റെ ബാദ്ധ്യതയാണ് എന്ന് ഉറച്ചു വിശ്വസിച്ച രവീന്ദ്രൻ മാഷ് അതിനുവേണ്ടി യേശുദാസിനായി പ്രത്യേകം ഒരുക്കിയ ഗാനങ്ങളാണ് ആറാം തമ്പുരാനിലെ ഹരി മുരളീരവും വടക്കുംനാഥനിലെ ഗംഗേ.. ഒക്കെ എന്നത് മനസ്സിലാക്കുമ്പോൾ ആണ് ആ പ്രതിഭയെ മനസ്സിലാകുക.
1941 നവംബർ 9ന് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തിൽ ജനിച്ച രവീന്ദ്രൻ മാസ്റ്റർ 200 ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും വസന്തഗീതങ്ങൾ പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവ്വഹിച്ചു. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. ‘ഭരതം’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്കാരം.
യേശുദാസിനു ദേശീയ പുരസ്കാരം നേടി കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണ്. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്കാരം നേടി കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്. അർബുദ ബാധ ഉണ്ടായിരുന്നെങ്കിലും അതിനെ അതിജീവിച്ച് സംഗീത ലോകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കേയാണ് തികച്ചും അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്.
2005 മാർച്ച് മൂന്നിന് തന്റെ 64 മത്തെ വയസ്സിൽ സംഗീത പ്രേമികളായ ഓരോ മലയാളിക്കും എന്നുമെന്നും ഏറ്റുപാടാനുള്ള മനോഹര ഗാനങ്ങൾ സമ്മാനിച്ച ശേഷം ഭൂമിയിൽ നിന്നുള്ള തിരിച്ചുവിളിയുടെ അനന്ത സംഗീതത്തിലേക്ക് രവീന്ദ്രൻ മാസ്റ്റർ എന്നെന്നേക്കുമായി മടങ്ങി. പക്ഷെ ഒരിക്കലും മായാവതി മലയാളികളുടെ മനസിലും, നാവിൻത്തുമ്പത്തും മൂളിക്കൊണ്ടിരിക്കുകയാണ് ആ രവീന്ദ്ര സംഗീതം. മലയാളികൾ ഉള്ളയിടത്തോളം കാലം ആ സംഗീതത്തിന് മരണമില്ല !!


