വളളിക്കോട്ടെ ‘പണി’ മോഡൽ വീടുകയറി ആക്രമണം ; ഒരാൾ പിടിയിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: വള്ളിക്കോട്ടെ വീടിനു മുന്നിലെ മദ്യപാനവും അസഭ്യ വർഷവും ചോദ്യം ചെയ്തതിന് പണി സിനിമയിലേത് പോലെ വീടു കയറി ഗുണ്ടാ ആക്രമണം നടത്തിയ മദ്യപസംഘത്തിൽ ഒരാളെ പോലീസ് പിടികൂടി. അങ്ങാടിക്കൽ ചന്ദനപ്പള്ളി മൂഴിക്കൽ തേരകത്ത് വീട്ടിൽ അഭിജിത്ത് (27)ആണ് പിടിയിലായത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. വള്ളിക്കോട് പി.ഡി.യു.പി സ്‌കൂളിന് സമീപം കൃഷ്ണകൃപയിൽ ബിജു (54) വിന്റെ വീടിനു മുൻവശം കഴിഞ്ഞ എട്ടിന് രാത്രി 9.30 ന് ശേഷമാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതികൾ വീട്ടിൽ ആക്രമണം നടത്തിയത്. വാതിൽ പുറത്തുനിന്നും പൂട്ടിയ ശേഷമായിരുന്നു ആക്രമണം. മദ്യപാനവും അസഭ്യവർഷവും ചോദ്യം ചെയ്തപ്പോൾ ബിജുവുമായി സംസാരവും പിടിവലിയുമുണ്ടായി. ഭാര്യ, മകൻ എന്നിവരെയും കൈയ്യേറ്റം ചെയ്തു.

ബിജുവിനെയും കുടുംബാംഗങ്ങളെയും അസഭ്യം വിളിച്ച ഒന്നാം പ്രതി വിമൽ, 17 വയസ്സുള്ള മകൻ ഗൗതമിന്റെ കവിളത്ത് അടിക്കുകയും ബിജുവിന്റെ ഭാര്യ രാജിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ചെടിച്ചട്ടിയെടുത്ത് പോർച്ചിൽ കിടന്ന കാറിന്റെ പിന്നിലെ ചില്ലും വീടിന്റെ മൂന്ന് ജനാലകളുടെ ചില്ലും തകർത്തു. കുഴവിയെടുത്ത് അടുക്കള വാതിലിൽ എറിഞ്ഞു. അടുക്കള ഭാഗത്തെ സ്റ്റെപ്പിന്റെ ടൈൽസ് പൊട്ടിച്ചു. വീടിന് സമീപത്തെ പച്ചക്കറി കൃഷിയും നശിപ്പിച്ചു. ആക്രമണത്തിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മൊഴിയിൽ പറയുന്നു.

വിവരമറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ബിജു, ഭാര്യ രാജി, മകൻ ഗൗതം എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കായി തെരച്ചിൽ പോലീസ് വ്യാപിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ആറു മണിയോടെ അഭിജിത്തിനെ വീടിന് സമീപത്തു നിന്നും എസ്.ഐ കെ.ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ചന്ദനപ്പള്ളി സ്വദേശിയായ ഒന്നാം പ്രതി വിമൽ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി. അഭിജിത്തിനെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *