നിയന്ത്രണം വിട്ട അയ്യപ്പന്മാരുടെ വാഹനം പന്തളത്ത് അപകട പരമ്പര സൃഷ്ടിച്ചു : മൂന്നു പേർക്ക് പരുക്ക്

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം: എം.സി റോഡിൽ ടൗണിൽ വാഹനങ്ങളുടെ കൂട്ടയിടി. ചിത്ര ആശുപത്രിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടം ഉണ്ടാക്കിയത്. ഓട്ടോറിക്ഷയിലും സൈക്കിളിലും ഇടിച്ച ശേഷം പാർക്ക് ചെയ്ത കാറും ഇടിച്ച് തകർത്തു. മൂന്നുപേർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം.

തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടകരുമായി വന്ന മിനി ബസ് ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർ തോട്ടക്കോണം പുല്ലാമഠത്തിൽ രാധാകൃഷ്ണൻ പിള്ള (56)യ്ക്ക് പരുക്കേറ്റു. മൈക്രോലാബിലേക്ക് സൈക്കിളിൽ വന്ന കടയ്ക്കാട് ബുഷറ മൻസിൽ മുഹമ്മദ് ബിലാലിനെ(22)യാണ് രണ്ടാമത് ഇടിച്ചത്. ഏറ്റവും ഒടുവിലായി മൈക്രോ ലാബ് ഉടമ പൂഴിക്കാട് പുത്തൻപുരയ്ക്കൽ ജയശങ്കറി (42) ന്റെ കാറിൽ ഇടിച്ചു. ലാബിന്റെ മുമ്പിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ. ജയശങ്കർ ഡ്രൈവർ സീറ്റിൽ കുടുങ്ങി. മുഹമ്മദ് ബിലാലിന്റെ തലയ്ക്കാണ് പരുക്ക്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാബിൽ പരിശോധനാഫലം വാങ്ങാൻ എത്തിയതായിരുന്നു മുഹമ്മദ് ബിലാൽ. മിനി ബസിൽ 16 തീർത്ഥാടകർ ഉണ്ടായിരുന്നു ആർക്കും പരുക്കേറ്റില്ല. അപകടത്തിൽ മൈക്രോ ലാബിനും കേടുപാട് സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *