മകരവിളക്കിന് കുറ്റമറ്റ ക്രമീകരണങ്ങൾ – മന്ത്രി വി എൻ വാസവൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മകരവിളക്ക് തീർഥാടന അവലോകനയോഗത്തിൽ അധ്യക്ഷനായിരുന്നു അദ്ദേഹം. ഇതുവരെ 32,79,761 പേരാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയത്. 5,73,276 പേർ സ്പോട്ട് ബുക്കിംഗ് വഴിയും 75,562 പേർ കാനനപാതയിലൂടെയും. സംസ്ഥാനസർക്കാരും ദേവസ്വം ബോർഡും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് ഏകോപനത്തോടെ പ്രവർത്തിച്ച് പരാതിരഹിത തീർഥാടനം ഉറപ്പാക്കി. മകരവിളക്കിന്റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളത്ത് തുടങ്ങും.

ഘോഷയാത്ര കടന്നുവരുന്ന പാതകൾ സഞ്ചാരയോഗ്യമെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. അപകടകരമായ മരചില്ലകൾ വെട്ടിമാറ്റണം. വഴിവിളക്കുകൾ ഉറപ്പാക്കണം. തീർഥാടകർക്ക് ദാഹം ജലവും ലഭ്യമാക്കണം. പാതയിലെ ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണം. വന്യമൃഗഭീഷണിയുള്ള സ്ഥലങ്ങളിൽ വനംവകുപ്പ് പ്രത്യേകജാഗ്രത പുലർത്തണം; എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കണം. തിരികെയുള്ള യാത്രയിലും സൗകര്യങ്ങൾ ഉറപ്പാക്കണം. ജനുവരി 12,13,14 തീയതികളിൽ കൂടുതൽ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ നിയന്ത്രണത്തിന് പോലീസ് പ്രത്യേകം പദ്ധതി തയാറാക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കണം. മകരവിളക്ക് വ്യൂ പോയിന്റുകളിൽ സുരക്ഷ ഉറപ്പാക്കണം. പമ്പയിൽ സ്പോട്ട് ബുക്കിംഗിനായി നിലവിൽ സജീകരിച്ചിട്ടുള്ള ഏഴ് കൗണ്ടറുകൾ 10 ആയി ഉയർത്തും. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേകം കൗണ്ടർ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻവർഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഏറ്റവും കുറഞ്ഞ തീർഥാടനകാലമാണ് ഈ വർഷത്തേതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട് നിയോഗപ്പെടുന്ന ഉദ്യോഗസ്ഥർക്ക് അന്നേദിവസം പോലീസുമായി സഹകരിച്ച് പ്രത്യേക സിപിആർ പരിശീലനം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. എംഎൽഎ മാരായ പ്രമോദ് നാരായൺ, കെ. യു. ജനീഷ് കുമാർ, ദേവസ്വം പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ ജി. സുന്ദരേശൻ, എ. അജികുമാർ, എഡിജിപി എസ്. ശ്രീജിത്ത്, ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, ദേവസ്വം കമ്മിഷണർ സി. വി. പ്രകാശ്, എക്സിക്യുട്ടീവ് ഓഫീസർ മുരഹരി ബാബു, ദേവസ്വം പൊതുമരാമത്ത് ചീഫ് എൻജിനീയർ രഞ്ജിത്ത് ശേഖർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ് – ശബരിമല –
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മകരവിളക്ക് തീർഥാടന അവലോകനയോഗത്തിൽ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *