കെ – ഫോൺ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

Kerala Pathanamthitta
Print Friendly, PDF & Email

** എല്ലാ നിയോജകമണ്ഡലങ്ങളിലും വിപുലമായ പരിപാടി

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ – ഫോൺ പദ്ധതി ഇന്ന് (ജൂൺ 5) വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.

പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. വൈകിട്ട് നാലിന് ഓമല്ലൂർ ഗവ എച്ച്എസ്എസിൽ ആറന്മുള മണ്ഡല തല പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും വൈകുന്നേരം മൂന്നിന് മൂന്നാളം ഗവ ലോവർ പ്രൈമറി സ്‌കൂളിൽ അടൂർ മണ്ഡല തല പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, വൈകിട്ട് മൂന്നിന് കുറ്റൂർ ഗവ എച്ച്എസ്എസിൽ തിരുവല്ല മണ്ഡലതല പരിപാടിയിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎയും വൈകിട്ട് നാലിന് കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂളിൽ റാന്നി മണ്ഡലതല പരിപാടിയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയും വൈകിട്ട് മൂന്നിന് കൈപ്പട്ടൂർ ഗവ വിഎച്ച്എസ്എസിൽ കോന്നി മണ്ഡല തല പരിപാടിയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎയും പങ്കെടുക്കും. ജന പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും. സംസ്ഥാന തല ഉദ്ഘാടന പരിപാടി എല്ലാ വേദികളിലും തത്സമയം എൽഇഡി വാളിൽ പ്രദർശിപ്പിക്കും. കളക്ടറേറ്റിലും ഉദ്ഘാടന പരിപാടി തത്സമയം പ്രദർശിപ്പിക്കും.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ 18000 സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി.

40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ-ഫോൺ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റർ എഡിഎസ്എസ് കേബിളിങ്ങും പൂർത്തിയാക്കി. കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭ്യമായിരുന്നു.
പത്തനംതിട്ട ജില്ലയിൽ കെ – ഫോൺ 956 കിലോ മീറ്റർ ദൂരത്തിൽ ഇതുവരെ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ 500 ഭവനങ്ങളിലും സർക്കാർ ഓഫീസുകളും സ്‌കൂളുകളും ഉൾപ്പടെ 1331 സ്ഥാപനങ്ങളിലും ഇതിനകം കെ -ഫോൺ കണക്ഷൻ നല്കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *