ഭാര്യയെ തലക്കും കഴുത്തിനുമൊക്കെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് കുട്ടികളുമായി കടന്നു

Crime
Print Friendly, PDF & Email

പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചശേഷം ഭർത്താവ്‌ കുട്ടികളുമായി കടന്നു. മൈലപ്ര കോട്ടമലയിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിപിലാണ്‌ (30) ഭാര്യ അശ്വതിയെ (27) വെട്ടിപരിക്കേൽപിച്ചത്‌. തിങ്കളാഴ്‌ച രാവിലെ എട്ടോടെയാണ്‌ സംഭവം. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ്‌ അക്രമത്തിലേക്ക്‌ എത്തിയത്‌. അശ്വതിയുടെ തലയ്‌ക്കും കഴുത്തിനും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റു. ഭർത്താവിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന അശ്വതി അയൽവീട്ടിലേയ്ക്ക് ഓടിക്കയറി. സമീപവാസികളാണ് അശ്വതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.

സംഭവത്തിനുശേഷം വിപിൽ കുട്ടികളുമായി കടന്നതായി പോലീസ് പറഞ്ഞു. എട്ടും മൂന്നും വയസുള്ള രണ്ട്‌ കുട്ടികളാണ്‌ ഇവർക്കുള്ളത്. ആദ്യം കോഴഞ്ചേരി ഭാഗത്തെത്തിയ വിപിൽ ഓട്ടോയിൽ ചെങ്ങന്നൂരിലേക്ക് പോയെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇയാളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചും പിടികൂടാൻ ശ്രമം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *