മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിൽക്കൊണ്ടാക്കാമെന്ന് പറഞ്ഞു ബൈക്കിൽ കൊണ്ടുപോയി ഹോട്ടലിൽ കയറ്റി അപമാനിച്ച പ്രതി പിടിയിൽ

Crime

തിരുവല്ല: മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും തുടർന്ന് ഹോട്ടലിൽ എത്തിച്ചു അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി.

തലവടി വെള്ളക്കിണർ മുരുകഭവനം വീട്ടിൽ വിനയൻ എന്ന് വിളിക്കുന്ന ശ്രീകാന്തി(37)നെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ ആറിന് വൈകിട്ട് അഞ്ചിന് ശേഷം സൈക്കിൾ മുക്കിൽ വച്ചാണ് പ്രതി യുവതിയെ നിർബന്ധിച്ച് മോട്ടോർ സൈക്കിളിൽ കയറ്റിയത്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ ഇയാൾ, വീട്ടിൽ ഇറക്കാതെ ആറരയോടെ കടപ്രയിലെ ഒരു ഹോട്ടലിൽ കയറ്റി. തുടർന്ന്, വാഷ് റൂമിൽ വച്ച് ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയായിരുന്നു.

പിന്നീട്, യുവതിയെ ഇയാൾ നിരന്തരം രാത്രി സമയങ്ങളിൽ ഫോണിൽ വിളിച്ച് കൂടെ ഇറങ്ങി ചെല്ലണമെന്ന് നിർബന്ധിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തു. കടുത്ത മാനസിക സമ്മർദ്ദത്തിലായ ഇവർ പുളിക്കീഴ് പോലീസിൽ ജൂൺ എട്ടിന് മൊഴി നൽകി. എഎസ്‌ഐ മിത്ര വി മുരളി, യുവതി ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തി. തുടർന്ന്, എസ്‌ഐ കുരുവിള സകറിയ കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി.

കോടതിയിലും യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് എസ് ഐ കെ സുരേന്ദ്രനാണ് കേസ് അന്വേഷിച്ചത്. പ്രതിയുടെ മൊബൈൽ ഫോണിന്റെ കാൾ ഡീറ്റൈയ്ൽസ് എടുത്ത് പരിശോധിക്കുകയും ലൊക്കേഷൻ കണ്ടെത്തി വീടിനു സമീപത്തുനിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

ബൈക്കിൽ യുവതിയുമായി പോയപ്പോൾ ആലുംതുരുത്തിയിൽ വച്ച് പെട്രോൾ തീർന്നു. അവിടെ നിന്നും യുവതിയെ ഒരു ഓട്ടോയിൽ കയറ്റി പെട്രോൾ വാങ്ങി തിരിച്ച് എത്തി ബൈക്കിൽ പെട്രോൾ ഒഴിച്ചശേഷം വീണ്ടും യാത്ര തുടർന്നു. പിന്നീട് കടപ്രയിൽ എത്തി അവിടെ ഹോട്ടലിൽ നിർബന്ധപൂർവം യുവതിയെ വിളിച്ചുകയറ്റിയ പ്രതി, വാഷ് റൂമിൽ വച്ച് ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു.

ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ചക്കുളത്തെ വീട്ടിൽ നിന്നും മോട്ടോർ സൈക്കിൾ അന്വേഷണസംഘം കണ്ടെത്തി. പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ എസ്‌ഐ കെ. സുരേന്ദ്രൻ, സിപിഓമാരായ വിനീത്, എസ്. സുദീപ് കുമാർ, അനൂപ്, നവീൻ, രവികുമാർ, അലോഖ്, അഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *