തിരുവല്ല: മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കലാപം അടിച്ചമർത്തുന്നതിന് കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കണമെന്നും കേരളത്തിലെ സഭകളുടെയും ക്രൈസ്തവ സംഘടനകളുടെയും ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. ദീർഘകാലമായി തുടരുന്ന കലാപം സാധാരണ ജനങ്ങളുടെ ജീവിതം തികഞ്ഞ ദുരിതത്തിലാക്കിയെന്നും നിയമവാഴ്ച ഇല്ലാതാക്കിയെന്നും ആയുധധാരികളായ കലാപകാരികളെ അടിച്ചമർത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം നല്കണമെന്നും പ്രശ്‌നപരിഹാരത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറർ റവ. ഡോ. റ്റി.ഐ ജയിംസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദീർഘകാലമായി ഭയത്തിലും സുരക്ഷിതത്വമില്ലായ്മയിലും കഴിയുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഇരുവിഭാഗങ്ങളിലും മരിച്ചുവീഴൂന്നവരുടെ എണ്ണം വർദ്ധിക്കുന്നതും നാശനഷ്ടങ്ങളുണ്ടാകുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിനുമപ്പുറമാണെന്നും ഇപ്രകാരം ക്രമസമാധാനം പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുവാൻ തയ്യാറാകണമെന്നും കെ.സി.സി. ആവശ്യപ്പെട്ടു.


